ആകെയുള്ളത് ഒരേ ഒരു രാജ്യസഭാ സീറ്റ്. രംഗത്തുളളതാകട്ടെ അൻപതിലേറെ നേതാക്കളും. ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റെ പേരാണ് അവസാന വട്ട ചർച്ചകളിൽ സജീവം. കഴിഞ്ഞ ദിവസം ലിജു കെപിസിസി പ്രസിഡന്റ് കെ.സുധാരനോടൊപ്പം രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ലിജു സീറ്റ് ഉറപ്പിച്ചതായാണ് സൂചന. ലിജു സ്ഥാനാർത്ഥിയാകും എന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെ വിളറി പിടിച്ച അവസ്ഥയിലാണ് സീറ്റ് മോഹികളായ നേതാക്കൾ.
ലിജുവിനെ വെട്ടാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. എം.ലിജു ഉൾപ്പെടെ പരിഗണനാ പട്ടികയിൽ ഉള്ളവർക്കെതിരെ ഹൈക്കമാന്റിന് നിരവധി ഇ-മെയിലുകളാണ് ഇതിനകം ലഭിച്ചത്. എം. ലിജു, സതീശൻ പാച്ചേനി, ഷാനിമോൾ ഉസ്മാൻ എന്നിവർ തുടർച്ചയായി തിരഞ്ഞെടുപ്പിൽ തോറ്റവാരാണെന്ന് ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. എം. ലിജുവിന് വേണ്ടി സുധാകരൻ രംഗത്ത് എത്തിയത് ശരിയായില്ലെന്നും ഇക്കാര്യത്തിൽ കൂട്ടായ ചർച്ച ഉണ്ടായില്ലെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടികാട്ടുന്നു. കെ.സുധാകരന് പുറമെ ഐ ഗ്രൂപ്പിന്റെ പിൻതുണയും ലിജുവിനുണ്ട്.
റോബർട്ട് വദ്രയുടെ വിശ്വസ്തനും മലയാളിയുമായ ശ്രീനിവാസൻ കൃഷ്ണന്റെ പേരും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. റോബർട്ട് വദ്രയുടെ ബിനാമിയെന്നാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കൂടിയായ ശ്രീനിവാസൻ അറിയപ്പെടുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിയെ കെട്ടിയിറക്കുന്ന സാഹചര്യമുണ്ടായാൽ അതിനെ എന്തുവില കൊടുത്തും എതിർക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്തായാലും രാജ്യസഭാ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഈ മാസം 21 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...