രേഖകള്‍ ഹാജരാക്കൂ, യാത്രാബത്ത അനുവദിക്കാം; പി.സി ജോര്‍ജിന് മറുപടിയുമായി രേഖാ ശര്‍മ്മ

ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ് എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.  

Last Updated : Sep 11, 2018, 03:02 PM IST
രേഖകള്‍ ഹാജരാക്കൂ, യാത്രാബത്ത അനുവദിക്കാം; പി.സി ജോര്‍ജിന് മറുപടിയുമായി രേഖാ ശര്‍മ്മ

ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അപമാനിച്ച വിഷയത്തില്‍ വിമര്‍ശനം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് ദേശീയ വനിതാ കമ്മീഷന്‍റെ മറുപടി. ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ് എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. 

ഇത് ചോദ്യം ചെയ്ത് പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് വനിതാ കമ്മീഷന്‍ രംഗത്തുവന്നത്. യാത്രബത്ത നല്‍കിയാല്‍ വരാമെന്ന പി.സി ജോര്‍ജിന്‍റെ പരാമര്‍ശത്തിന്, അതിനുവേണ്ട രേഖകള്‍ ഹാജരാക്കിയാല്‍ യാത്രബത്ത അനുവദിക്കാമെന്ന് മറുപടിയായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായിട്ട് 13 മത്തെ തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നത് ഉള്‍പ്പെടെയുളള ആരോപണങ്ങളാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. 

അതിനെതുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ ഡല്‍ഹിയിലെ ഓഫീസില്‍ ഈ മാസം 20ന് നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷനെയും വിമര്‍ശിച്ച് പിസി ജോര്‍ജ് വീണ്ടും രംഗത്തുവന്നത്.

വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുളള കാര്യത്തില്‍ പേടിക്കില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. വനിതാ കമ്മീഷന്റേത് ഉത്തരവല്ലെന്നും അവര്‍ക്ക് തനിക്കെതിരെ കേസെടുക്കാനാവില്ലെന്നും പറഞ്ഞതിന്‍റെ കൂട്ടത്തിലാണ് യാത്രബത്ത പി സി ജോര്‍ജ് എടുത്തിട്ടത്.

പിസി ജോര്‍ജിന്‍റെ വിദ്യാഭ്യാസം എന്ത് എന്ന് തനിക്ക് അറിയില്ല. മോശമായ പ്രസ്താവനയാണ് ജോര്‍ജ് നടത്തിയതെന്നും രേഖ ശര്‍മ്മ പറഞ്ഞു. താന്‍ ഒരുതരത്തിലുളള വരുമാനവും എഴുതിവാങ്ങുന്നില്ലെന്ന് രേഖാമൂലം അറിയിച്ചാല്‍ ജോര്‍ജിന് യാത്രബത്ത അനുവദിക്കാമെന്നും പരിഹാസരൂപേണ രേഖാശര്‍മ്മ പറഞ്ഞു.

More Stories

Trending News