തിരുവനന്തപുരം: സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇപി ജയരാജന്‍. കോടിയേരി ബാലകൃഷ്ണന് ശേഷം കേരളത്തിലെ പാര്‍ട്ടിയുടെ അമരക്കാരന്‍ ആരായിരിക്കുമെന്ന ചര്‍ച്ചയില്‍ ഇപി ജയരാജന്റെ പേര് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ എംവി ഗോവിന്ദന്‍ എന്ന സ്ഥിതപ്രജ്ഞനായ, സൈദ്ധാന്തിക അടിത്തറയുള്ള നേതാവിനെ ആണ് പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയത്. അതോടുകൂടി ഇപി ജയരാജന്‍ അസ്വസ്ഥനും അസംതൃപ്തനും ആയിരുന്നു എന്നാണ് പലകോണുകളില്‍ നിന്ന് പ്രചരിക്കുന്ന വാര്‍ത്ത.
ഇപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു എന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ മറ്റൊരു വിവാദം അതിന് പിന്നില്‍ പുകയുന്നുണ്ട്. കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പി ജയരാജന്‍ ഉന്നയിച്ചു എന്ന് പറയുന്ന ആരോപണങ്ങളുടെ തുടര്‍ച്ചയാണത്. കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജനെതിരെ സംസ്ഥാന സമിതി അംഗമായ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആഞ്ഞടിച്ചു എന്നാണ് വാര്‍ത്തകള്‍.
എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന് പിറകെ, ഇപി ജയരാജന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നൊരു ആരോപണമുണ്ട്. അതേസമയത്ത് തന്നെ, സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം പിന്മാറുന്നു എന്ന രീതിയില്‍ ചില ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിനൊപ്പം മറ്റ് പാര്‍ട്ടി പദവികളും കൂടി ഉപേക്ഷിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. എന്തായാലും ഇപി ജയരാജനോ സിപിഎമ്മോ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Also Read: Liquor Seized: കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി മൂന്നുപേർ പിടിയിൽ!
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഇപി ജയരാജന്‍. പിണറായി വിജയന്റെ വിശ്വസ്തനും. എന്നാല്‍, ബന്ധുനിയമന വിവാദത്തില്‍ പെട്ട് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട് 2018 ല്‍ മന്ത്രിസഭയില്‍ തിരികെ എത്തിയെങ്കിലും, ഇപി ജയരാജന്റെ പ്രഭാവത്തിന് വലിയതോതില്‍ കോട്ടം തട്ടിയിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തില്ല.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ ഇപി ജയരാജന്‍ കണ്ണൂരില്‍ നിന്നുള്ള ശക്തരായ സിപിഎം നേതാക്കളില്‍ ഒരാളാണ്. ഡിവൈഎഫ്‌ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇപിയുടെ രാഷ്ട്രീയ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ഏറെക്കാലം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇതിനിടെ കുറച്ച് കാലം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. സംഘടനാ തലത്തില്‍ സിപിഎമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിലും അദ്ദേഹം എത്തി.
രാഷ്ട്രീയമായും ശാരീരികമായും എതിരാളികളാല്‍ ഏറെ ആക്രമിക്കപ്പെട്ട നേതാവ് കൂടിയാണ് ഇപി ജയരാജന്‍. തീവണ്ടിയില്‍ വച്ചുണ്ടായ വധശ്രമത്തിന് ശേഷം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ മാത്രം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇപി ജയരാജന് ഇപ്പോഴുണ്ടോ എന്നത് ചിലരെങ്കിലും സംശയമായി ഉന്നയിക്കുന്നുണ്ട്. 72-ാം വയസ്സില്‍ സ്വയം വിരമിക്കേണ്ട രാഷ്ട്രീയ ജീവിതമാണോ ഇപി ജയരാജന്റേത് എന്ന ചോദ്യവും സ്വാഭാവികമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...