'മീശ' ഹര്‍ജിയിൽ സുപ്രീംകോടതി വിധി ഇന്ന്

എസ്. ഹരീഷിന്‍റെ 'മീശ' നോവലിനെതിരെയുള്ള ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. 

Last Updated : Sep 5, 2018, 10:28 AM IST
'മീശ' ഹര്‍ജിയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: എസ്. ഹരീഷിന്‍റെ 'മീശ' നോവലിനെതിരെയുള്ള ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. 

നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും ഹൈന്ദവ വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി പറയുക. 

കഴിഞ്ഞ ആഗസ്റ്റ്‌ 2ന് ഹര്‍ജി പരിഗണിച്ച കോടതി നോവൽ നിരോധിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു. കേസ് പരിഗണിച്ച വേളയില്‍ 'മീശ' നോവല്‍ കോടതിയില്‍ ഹാജരാക്കണമെന്നും, അതുകൂടാതെ, നോവലിലെ വിവാദ അധ്യായങ്ങളുടെ പരിഭാഷ 5 ദിവസത്തിനകം സമര്‍പ്പിക്കുകയും ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 

കേസിൽ വാദം കേൾക്കുന്നതിനിടെ പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ മീശയിലെ വിവാദ ഭാഗം രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ്. 

നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ പകര്‍പ്പുകള്‍ പിടിച്ചെടുക്കാനും ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയാനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൂടാതെ, സമൂഹത്തിന്‍റെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സൃഷ്ടികൾ തടയുന്നതിന് ഉള്ള മാർഗ്ഗരേഖകൾ ഉണ്ടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക.

 

Trending News