പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പന്തളം ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന കൊടുമണ്‍, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഐഎം-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും പടക്കമേറും അക്രമണവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പത്തനംതിട്ട എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പട്ടാപ്പകല്‍ മൊബൈല്‍ കടയ്ക്ക് നേരെയും ബോംബേറുണ്ടായി. കടയിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിന്റേതടക്കം അമ്പതിലേറെ വീടുകള്‍ ആക്രമിക്കപ്പെട്ടു.
ഇന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന സാഹിചര്യത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.