ആലപ്പുഴ : മുൻ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റെ പേരിലുള്ള കലിംഗ യൂണിവേഴ്‌സിറ്റിയുടെ വ്യാജ ബിരുധം സര്‍ട്ടിഫിക്കറ്റ് പോലീസ് കണ്ടെടുത്തു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തത്. ബിരുദം സർട്ടിഫിക്കേറ്റിനൊപ്പം ബികോമിന് ഫസ്റ്റ് ക്ലാസോടെ വിജയിച്ചുയെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും അന്വേഷണ സംഘം കണ്ടെത്തി. നിഖിലിന് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതോടെ പ്രതിക്കിത് ഒളിപ്പിക്കാൻ സാധിച്ചില്ല. കേസിലെ നിർണായക രേഖകളാണ് അന്വേഷണ സംഘം കണ്ടെടുത്തത്.
നേരത്തെ വ്യാജ സർട്ടിഫിക്കേറ്റ് സംഭവം വിവാദമായി തുടങ്ങിയപ്പോൾ സി പി എം ജില്ലാ കമ്മിറ്റി ബിരുധ സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ അന്ന് സമർപ്പിച്ചത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു സിപിഎം നേതൃത്വത്തെ നിഖിൽ ധരിപ്പിച്ചത്. ഇതെ തുടർന്ന് എസ് എഫ് ഐ വ്യാജ സർട്ടിഫിക്കേറ്റ് വിഷയത്തിൽ പിന്തുണ അറിയിച്ചിരുന്നു.
അതേസമയം നിഖിലിന്റെ മൊഴി പ്രകാരം വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റിൽ മുൻ എസ് എഫ് ഐ നേതാവിനെയും പ്രതി ചേർത്തു. മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുന്ന അബിന്‍ സി. രാജാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നുള്ള നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അബിന്‍ സി. രാജിനെ ഉടനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും വ്യാജസര്‍ട്ടിഫിക്കറ്റിനായി ഇയാൾക്ക് നിഖില്‍ തോമസ് രണ്ട് ലക്ഷം രൂപ നല്‍കിയതായും കായംകുളം ഡിവൈഎസ്പി അജയ് നാഥ് അറിയിച്ചു.
തന്നെ അബിന്‍ സി. രാജ് അറിഞ്ഞുകൊണ്ട് ചതിച്ചതാണെന്ന് നിഖില്‍ തോമസിന്റെ പ്രതികരണം. കസ്ററടിയിൽ എടുത്ത നിഖിൽ വൈദ്യപരിശോധന കഴിഞ്ഞുവരുമ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അബിനുമായുള്ള തനിക്കുള്ള ബന്ധം എസ്എഫ്‌ഐ വഴിയാണെന്നും നിഖില്‍ പറഞ്ഞു. കൊച്ചിയിലെ ഒരു ഏജന്‍സി വഴിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...