കണ്ണൂർ: കണ്ണൂരിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തന്നെ വരത്തനെന്ന് വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരിൽ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം ധനസമാഹരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
33 വർഷമായി തിരുവനന്തപുരത്താണ് ജീവിതം. തലസ്ഥാന നഗരിയിൽ നിന്ന് തീർത്തും ഒരു തെക്കനെ വേണമെങ്കിൽ കുറച്ചു കാലത്തേക്ക് കൂടി നിങ്ങൾക്ക് വരത്തൻ എന്ന പേര് ചാർത്തി വിളിക്കാനുള്ള അവസരമുണ്ട്. അത് കഴിഞ്ഞാൽ നിങ്ങളുടെ സ്വന്തമാളായി താൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ALSO READ: കൊച്ചി മെട്രോ പ്രവർത്തന ലാഭം നേടി: വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി
ആചാരങ്ങളുടെയെല്ലാം ലക്ഷ്യം മനുഷ്യ സമൂഹത്തിൻ്റെ ശുദ്ധീകരണമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മനുഷ്യത്വത്തിൻ്റെ ശാസ്ത്രമാണ് ആചാരങ്ങളിൽ ഉൾച്ചേർന്നിട്ടുള്ളത്. കളിയാട്ടങ്ങളിലേക്ക് മാഫിയകൾ കടന്നു കയറുന്നതിനെ കുറിച്ചുള്ള ഒരു പുതിയ സിനിമയുടെ ഭാഗമായതിൻ്റെ ചാരിതാർത്ഥ്യം തനിക്കുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പ്രമുഖ ജ്യോത്സ്യർ എ വി മാധവപൊതുവാളിൽ നിന്നും സുരേഷ് ഗോപി ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി വി രാമചന്ദ്രൻ പണിക്കർ, എ വി ശിവരാമൻ മേസ്തിരി, ടി കെ മുരളീദാസ്, കെ മധുസൂദനൻ, അഡ്വ.എം വി അമരേശൻ എന്നിവർ സംസാരിച്ചു. 2024 ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...