Pinarayi Vijayan: നവകേരള സദസ്; തൃശൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒന്നിച്ചെത്തുന്നു

ഡിസംബര്‍ നാലു മുതല്‍ ഏഴ് വരെ ജില്ലയിലെ 13 മണ്ഡലങ്ങളിലായാണ് നവകേരള സദസ്സുകൾ നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 08:19 PM IST
  • മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒന്നിച്ചെത്തുന്നു.
  • ജില്ലയില്‍ ഡിസംബര്‍ 4 മുതല്‍ 7 വരെയാണ് നവകേരള സദസ്.
  • നവകേരള സദസ്സുകള്‍ ചരിത്ര സംഭവമാകുമെന്ന് മന്ത്രി കെ. രാജന്‍.
Pinarayi Vijayan: നവകേരള സദസ്; തൃശൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒന്നിച്ചെത്തുന്നു

തൃശൂ‍ർ: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒരുമിച്ചെത്തുന്ന മണ്ഡലംതല നവകേരള സദസ്സുകള്‍ ചരിത്ര സംഭവമായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഡിസംബര്‍ നാലു മുതല്‍ ഏഴ് വരെ ജില്ലയിലെ 13 മണ്ഡലങ്ങളിലായി നടക്കുന്ന നവകേരള സദസ്സുകളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍, എംഎല്‍എമാര്‍ മണ്ഡലംതല കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും അവരുമായി സംവദിക്കുന്നതിനുമായി മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും മണ്ഡലങ്ങളിലെത്തുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. നാടിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരങ്ങള്‍ കാണുന്നതിനുമായി ഇതിനകം മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീരസദസ്സുകള്‍, മലയോര സദസ്സുകള്‍, വന സദസ്സുകള്‍, താലൂക്ക്തല അദാലത്തുകള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത മേഖലാ അവലോകന യോഗങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് നവകേരള സദസ്സുകളെന്നും മന്ത്രി പറഞ്ഞു. 

ALSO READ: കേരള തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത

ജില്ലയിലെ 10 മണ്ഡലങ്ങളിലും ഇതിനകം വിപുലമായ യോഗങ്ങള്‍ ചേര്‍ന്ന് സംഘാടക സമിതികള്‍ക്കും സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള മൂന്നു മണ്ഡലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ സംഘാടക സമിതി രൂപീകരണ യോഗം നടക്കും. പരിപാടിയുടെ വിജയത്തിനായി മണ്ഡലംതലത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോ-ഓര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ നവകേരള സദസ്സിലും 10,000ത്തിലേറെ പേരെ പങ്കെടുപ്പിക്കാനാണ് പദ്ധതിയിടുന്നത്. പരിപാടി വന്‍ വിജയമാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പരിപാടികള്‍ നടത്തുന്നതിനായി കണ്ടെത്തിയ വേദികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കും യോഗം രൂപം നല്‍കി. 

പരിപാടിയുടെ വിജയത്തിനായി തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ചെയര്‍പേഴ്‌സണ്‍മാരായും സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരുമായും കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. പരിപാടിയുടെ സന്ദേശം താഴേത്തട്ടില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ 30നകം ബൂത്ത് തലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ച് യോഗങ്ങള്‍ ചേരും. നവംബര്‍ 15ഓടെ വീട്ടുമുറ്റ യോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. 

നവകേരള സദസ്സുകളുടെ സന്ദേശം എല്ലാ വീടുകളിലുമെത്തിക്കാന്‍ മികച്ച രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുമുള്ള ജനങ്ങളെ മണ്ഡലംതല പരിപാടികളില്‍ പങ്കെടുപ്പിക്കണം. നവംബര്‍ 10നകം ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി മണ്ഡലങ്ങളില്‍ ഇതിനകം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ എംഎല്‍എമാരും മണ്ഡലംതല കോ-ഓര്‍ഡിനേറ്റര്‍മാരും  അവതരിപ്പിച്ചു. 

കലക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, എംഎല്‍എമാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, കെ കെ രാമചന്ദ്രന്‍, സി സി മുകുന്ദന്‍, എന്‍ കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ, മുന്‍ എംഎല്‍എ ബി ഡി ദേവസ്സി, സബ് കലക്ടര്‍ മുഹമ്മദ് ശഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, എഡിഎം ടി മുരളി, മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പ്രതിനിധി എ ജെ കൃഷ്ണപ്രസാദ്, മണ്ഡലംതല കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News