നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നടന്നാൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതുകൊണ്ടാണ് കേസ് പരമാവധി നീട്ടാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റിന് വേണ്ടി ഹാജരാകേണ്ട പ്രോസിക്യൂഷനെ വരെ ദുർബലപ്പെടുത്തുകയാണ്. വിചാരണ തുടങ്ങുന്നതിന് മുൻപ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയാണ്. പല തരത്തിലുള്ള അന്വേഷണങ്ങൾ നടന്ന കേസാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. ലോകത്തുള്ള മലയാളികൾ മുഴുവനും സാക്ഷികളാണ്. ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേൽ കയറി മുണ്ട് മടക്കിക്കുത്തി നിൽക്കുന്ന ചിത്രം കുഞ്ഞുങ്ങൾക്ക് പോലും അറിയാം. ലക്ഷക്കണക്കിന് മനുഷ്യർ നേരിട്ട് കണ്ടൊരു കുറ്റകൃത്യം ലോകത്തുണ്ടായിട്ടില്ല. എന്നിട്ടും കുറ്റകൃത്യം നേരിട്ട് കണ്ട ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കി നിയമ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണ്. പൊലീസിനെ പോലെ സർക്കാർ പ്രോസിക്യൂഷനെയും ദുരുപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും എതിരായ വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു. ആരാണ് അടുത്ത ചെസ്റ്റ് നമ്പരെന്ന് സി.പി.എം നേതാക്കളെക്കൊണ്ട് പ്രഖ്യാപിപ്പിച്ച ശേഷമാണ് വേട്ടയാടൻ തുടരുന്നത്. ഷാജൻ സ്‌കറിയയ്ക്കെതിരായ കേസിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നതും സാധനങ്ങൾ എടുത്തുകൊണ്ട് പോകുന്നതും അടുത്ത ഓൺലൈൻ മാധ്യമം പൂട്ടിക്കുമെന്ന് പറയുന്നതും ഓൺലൈനുകൾ പൂട്ടിച്ചു കഴിഞ്ഞാൽ മുഖ്യധാരാ മാധ്യമങ്ങളെ നിലയ്ക്ക് നിർത്തുമെന്ന് പറയുന്നതും വേണ്ടി വന്നാൽ ഗുണ്ടായിസം നടത്തുമെന്ന് പറയുന്നതും ശരിയല്ല. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും കാണത്ത തരത്തിൽ എതിർക്കുന്നവരെയൊക്കെ അടിച്ചൊതുക്കുമെന്ന് ഒരു സർക്കാർ പ്രഖ്യാപിക്കുന്ന ഏകാധിപത്യത്തിന്റെ നാളുകളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്നാണ് പിണറായി വിജയനോട് പറയാനുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: രണ്ട് ദിവസം കൂടി മഴ തുടരും; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ ഇരട്ട നീതിയാണെന്നും സി.പി.എം നേതാക്കൾക്കെതിരെ മാത്രം കേസില്ല. കെ സുധാകരനെതിരെ പെൺകുട്ടി മൊഴി നൽകിയെന്ന വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെയോ അത് പ്രചരിപ്പിച്ച എം.വി ഗോവിന്ദന് എതിരെയോ കേസെടുത്തോയെന്നും സതീശൻ ചോദിച്ചു. ദേശാഭിമാനി റെയ്ഡ് ചെയ്തോ? വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകനെ ചോദ്യം ചെയ്തോ? ദേശാഭിമാനിക്കും കൈരളിക്കും ഇതൊന്നും ബാധകമല്ല. മറ്റ് മാധ്യമ പ്രവർത്തകർ മാത്രമാണ് നിയമം ബാധകമായിട്ടുള്ളത്. തങ്ങൾക്കെതിരെ വാർത്ത നൽകുന്ന ഓൺലൈനുകളെല്ലാം അടച്ച് പൂട്ടിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾക്കും ഭീഷണിയുണ്ട്. സർക്കാരിനെതിരെ വാർത്ത നൽകാതെ സർക്കാരിനും പിണറായിക്കും 'മന്നവേന്ദ്രാ വിളങ്ങുന്ന ചന്ദ്രനെ പോലെ നിൻ മുഖം..' എന്ന സ്തുതിഗീതങ്ങൾ പാടാൻ മാധ്യമങ്ങൾ തയാറായില്ലെങ്കിൽ നിങ്ങളെയെല്ലാം സർക്കാർ പൂട്ടിക്കുമെന്നാണ് ധാർഷ്ട്യത്തോടെ സി.പി.എം പറയുന്നത്. അതിനെ ജനാധിപത്യ കേരളം ഒന്നിച്ച് ചെറുക്കും. മാധ്യമങ്ങൾ സി.പി.എമ്മിനെതിരെ മാത്രമല്ല, പ്രതിപക്ഷത്തിനെതിരെയും പറയുന്നുണ്ട്. ഞങ്ങൾ മാധ്യമങ്ങളെ പൂട്ടിക്കാനൊന്നും ശ്രമിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം കവചമൊരുക്കി മാധ്യമങ്ങളെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു.
മനുഷ്യന്റെ ആത്മവിശ്വാസം തകർക്കുന്നതിന് വേണ്ടിയാണ് സൈബർ ആക്രമണം നടത്തുന്നത്. ഒരാളുടെ മൂന്ന് തലമുറകളെ വരെയാണ് അശ്ലീലം പറയുന്നത്. ഇത്തരം സൈബർ ആക്രമണങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് നിയന്ത്രിക്കുന്നത്. ശാരീരികമായി ഇല്ലായ്മ ചെയ്യാൻ പറ്റാതെ വരുമ്പോഴാണ് മാനസികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആരെയാണ് അടുത്തതായി പിടിക്കാൻ പോകുന്നതെന്ന് പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കേരളത്തിന്റെ ജനാധിപത്യ ബോധത്തെ തകർക്കുന്ന ഗൂഡ സംഘം പ്രവർത്തിക്കുന്നുണ്ട്. ആ ഗൂഡസംഘമാണ് പ്രതിപക്ഷ നേതാക്കൾക്കും മാധ്യമങ്ങൾക്കും എതിരെ സൈബർ ആക്രമണം നടത്തുന്നത്. അതിൽ പലരും പഴയ മാധ്യമ പ്രവർത്തകരാണ്. മാധ്യമ പ്രവർത്തന കാലഘട്ടത്തിലും അവർ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.
ഏക സിവിൽ കോഡിൽ വൈകിയാണ് കോൺഗ്രസ് അഭിപ്രായം പറഞ്ഞതെന്നത് സി.പി.എം നരേറ്റീവാണ്. ഇപ്പോഴും വ്യക്തതയില്ലാത്തത് സി.പി.എമ്മിനാണ്. ഭോപ്പാലിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ഏക സിവിൽ കോഡിനെതിരായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്ററി സമിതിയിലും കോൺഗ്രസാണ് ഏക സിവിൽ കോഡിനെ എതിർത്തത്. ബി.ജെ.പിയുടെ വർഗീയ അജണ്ടയുമായാണ് സി.പി.എമ്മും ഇറങ്ങിയിരിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇ.എം.എസാണ്. അതു നടപ്പാക്കാൻ വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷനോട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ പറഞ്ഞതും ഇ.എം.എസ്സാണ്. നയരേഖയിൽ മാറ്റം വരുത്തിയെന്നും ഇ.എം.എസിന്റെ അഭിപ്രായമല്ല ഇപ്പോൾ പാർട്ടിക്കുള്ളതെന്നും ഇ.എം.എസിനെ തള്ളിപ്പറയുകയാണെന്നും തുറന്ന് പറയാൻ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ? ബി.ജെ.പിയുടെ കെണിയിൽ വീഴാൻ തയാറല്ലെന്നും മുസ്ലീകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നതുമാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നിലപാട്. അതുകൊണ്ടാണ് തെരുവിൽ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...