കൊച്ചി: വരാപ്പുഴയില്‍ വീട്ടില്‍ക്കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് മുന്‍വിധി വേണ്ടെന്നും കേസിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടില്‍ ശ്രീജിത്ത് രാമകൃഷ്ണനാണ് മരിച്ചത്. ശ്രീജിത്തിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി വരാപ്പുഴയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീജിത്ത് ഉള്‍പ്പടെയുള്ള സംഘം വീട് കയറി ആക്രമിച്ചതില്‍ മനം നൊന്ത് മത്സ്യത്തൊഴിലാളിയായ വാസുദേവന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്ന ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ചയാണ് വാസുദേവൻ വീട്ടിൽ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലിരിക്കേ പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീജിത്ത് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.