ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം

മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യഘട്ടത്തില്‍ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിരുന്നു.

Last Updated : Dec 9, 2018, 02:48 PM IST
ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം

തിരുവനന്തപുരം: എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ജനാധിപത്യപരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. 

മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യഘട്ടത്തില്‍ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിരുന്നു. തുടര്‍ന്ന് പിരിഞ്ഞു പോകാനൊരുങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വീണ്ടും ലാത്തി വീശുകയായിരുന്നു. പൊലീസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് ക്ലിഫ് ഹൗസിന് മുന്നില്‍ പി.കെ.കൃഷ്ണദാസിന്‍റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കവടിയാറില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍  പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.

ശബരിമലയിലെ 144 പിന്‍വലിക്കണം, കെ.സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകള്‍ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എ.എന്‍.രാധാകൃഷ്ണന്‍റെ നിരാഹാരസമരം. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ശബരിമല വിഷയത്തില്‍ കഴിഞ്ഞ ഏഴു ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തുകയാണ്.

Trending News