'ലാൽ ജോസാണെങ്കിൽ ഞാൻ എഴുതാമെന്ന് ശ്രീനിയേട്ടൻ, നായകനാകാമെന്ന് മമ്മൂട്ടിയും ഓഫർ തന്നു'; കാൽനൂറ്റാണ്ട് പിന്നിടുന്ന ഒരു മറവത്തൂർ കനവിലെ ഓർമ്മ പങ്കുവെച്ച് സംവിധായകൻ

Laljose Oru Maravathoor Kanavu : ചിത്രം റിലീസായിട്ട് ഇന്ന് 25 വർഷം പിന്നിടുകയാണെന്ന് സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂചടെ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Apr 8, 2023, 11:02 PM IST
  • റിലീസായി കാൽനൂറ്റാണ്ട് പിന്നിടുന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽ ജോസ്.
  • ഒപ്പം തന്നെ സ്വതന്ത്ര സംവിധായകനായി സിനിമയിലേക്ക് നയിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് ലാൽ ജോസ്.
'ലാൽ ജോസാണെങ്കിൽ ഞാൻ എഴുതാമെന്ന് ശ്രീനിയേട്ടൻ, നായകനാകാമെന്ന് മമ്മൂട്ടിയും ഓഫർ തന്നു'; കാൽനൂറ്റാണ്ട് പിന്നിടുന്ന ഒരു മറവത്തൂർ കനവിലെ ഓർമ്മ പങ്കുവെച്ച് സംവിധായകൻ

ലാൽ ജോസ് എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമാണ് ഒരു മറവത്തൂർ കനവ്. 25 വർഷങ്ങൾക്ക് മുമ്പ് ഏപ്രിൽ 8ന് ഒരു നവാഗത സംവിധായകൻ  ഒരുക്കിയ മമ്മൂട്ടി ചിത്രം തിയറ്ററുകളിൽ എത്തുകയും വൻ വിജയമായി തീരുകയുമായിരുന്നു. റിലീസായി കാൽനൂറ്റാണ്ട് പിന്നിടുന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ഒപ്പം തന്നെ സ്വതന്ത്ര സംവിധായകനായി സിനിമയിലേക്ക് നയിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് ലാൽ ജോസ്. 

സ്വതന്ത്ര സംവിധായകനാക്കാം ഓഫർ ചിത്രത്തിന്റെ നിർമ്മാതാക്കളായിരുന്ന അലക്സാണ്ടർ മാത്യു പൂയപ്പളളിയും ഡോക്ടർ ബ്രൈറ്റുമെത്തിയതോടെയാണ് ഒരു മറവത്തൂർ കനവിന് ജന്മം ഉണ്ടാകുന്നത്. എന്നാൽ ലോഹിത്ദാസോ ശ്രീനിവാസനോ തിരക്കഥ എഴുതിയാൽ താൻ സംവിധായകൻ ആകാമെന്ന് നിബന്ധന വെച്ചു. തുടർന്ന് ഇക്കാര്യം അറിഞ്ഞ ശ്രീനിവാസൻ തനിക്ക് വേണ്ടി തിരക്കഥ എഴുതാമെന്ന് അറിയിക്കുവായിരുന്നുയെന്ന് ലാൽ ജോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ALSO READ : Mammootty New Movie : മമ്മൂട്ടിയുടെ അടുത്ത ചിത്രമെത്തുന്നു; പേരും സംവിധായകനെയും തിരഞ്ഞ് സോഷ്യൽ മീഡിയ

സിനിമയുടെ എഴുത്ത് പുരോഗമിക്കുമ്പോഴാണ് നായകനാകാമെന്ന് മമ്മൂട്ടിയും തനിക്ക് ഓഫർ തന്നു. മറ്റൊരു ചിത്രത്തിൽ അസോസിയേറ്റായി പ്രവർത്തിക്കുമ്പോൾ മമ്മൂട്ടി തനിക്ക് ഈ ഓഫർ നൽകുന്നത്. കഥയിലെ നായകന് തന്റെ മുഖഛായ തോന്നുകയാണെങ്കിൽ താൻ നായകനാകമെന്ന് കുശലപ്രശ്നം പോലെ മമ്മൂട്ടി പറയുകയായിരുന്നു. അത് സംഭവിക്കുകയും ചെയ്തുയെന്ന് ലാൽ ജോസ് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. തുടർന്ന് 1997 ഡിസംബറിൽ ഷൂട്ട് തുടങ്ങി, 1998 ഏപ്രിൽ എട്ടിന് റിലീസായി.

ലാൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏപ്രിൽ 8 - എന്റെ ആദ്യ സിനിമ, മറവത്തൂർ കനവ് റിലീസായിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നു. ഒരു പിടി വലിയ മനുഷ്യരുടെ സന്മനസ്സാണ് എന്നെ വഴിനടത്തുന്നത്.  ഈ ദിവസം ഞാൻ അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേററായി സെററിൽ ഓടി പായുമ്പോൾ ആ ചിത്രത്തിന്റെ നിർമ്മാതാക്കളായിരുന്ന അലക്സാണ്ടർ മാത്യു പൂയപ്പളളിയും ഡോക്ടർ ബ്രൈറ്റുമാണ് അവരുടെ അടുത്ത പടത്തിലൂടെ എന്നെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫർ വയ്ക്കുന്നത്. ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാൽ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതിതന്നാൽ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്റെ ചെവിയിലും ഈ വിവരം അവർ എത്തിച്ചു. ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്റെ മറുപടി - ലാൽ ജോസാണെങ്കി ഞാൻ എഴുതാം. ആ വാക്കിന്റെ മാത്രം ബലത്തിൽ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു. രണ്ട് കൊല്ലം ശ്രീനിയേട്ടനൊപ്പം പല സെററുകളിൽ കഥാ ചർച്ച. അതിനിടെ ഉദ്യാനപാലകനിൽ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം - ആരാണ് നിന്റെ പടത്തിലെ നായകൻ. കഥ ആലോചനകൾ നടക്കുന്നേയുളളൂ എന്ന് എന്റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാൽ  ഞാൻ അഭിനയിക്കാമെന്ന് മമ്മൂക്ക. ശീനിയേട്ടന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫർ, അലക്സാണ്ടർ മാത്യുവിന്റേയും ഡോക്ടർ ബ്രൈറ്രിന്റേയും ഉത്സാഹം, ലാൽജോസെന്ന ചെറുപ്പക്കാരനിൽ ഇവരെല്ലാം ചേർന്ന് നിറച്ച് തന്ന ഊർജ്ജമാണ് ‘ഒരു മറവത്തൂർ കനവാ’യി മാറിയത്. 1997 ഡിസംബറിൽ ഷൂട്ട് തുടങ്ങി, 1998 ഏപ്രിൽ എട്ടിന് റിലീസായി. എന്നെ സഹസംവിധായകനായി കൂടെ കൂട്ടിയ കമൽ സാർ, എന്നെ വിശ്വസിച്ച് എന്റെ ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടൻ, പുതുമുഖ സംവിധായകന്റെ നായകനായ മഹാനടൻ, സിനിമ വലുതായപ്പോ നിർമ്മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കർ - നന്ദി പറയേണ്ടവരുടെ പട്ടിക തീരുന്നില്ല. അതെന്റെ ജീവനോളം വലിയ ഒരു സുദീർഘ ലിസ്ററാണ്. അവരോടെല്ലാമുളള കടപ്പാട് എന്നും എന്റെ ഹൃദയത്തിൽ മിടിക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ. ഇരുപത്തിയഞ്ച് വർഷത്തിനിടെ ഞാൻ ചെയ്ത ഇരുപത്തിയേഴ് സിനിമകളെ ഏറ്റെടുത്ത പ്രേക്ഷകർ.. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ സ്നേഹിക്കുന്നവർ. നന്ദി പറഞ്ഞ് ഞാൻ ചുരുക്കുന്നില്ല - സ്നേഹത്തോടെ ഓർക്കുന്നു. ഏവർക്കും ഈസ്റ്റർ - വിഷു ആശംസകൾ !

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News