നടി പ്രിയാ വാര്യരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് ഒമർ ലുലു എന്ന സംവിധായകനാണ്. ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയാ വാര്യരുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ നടിയെ ട്രോളി ഒമർ ലുലു രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഇന്റർവ്യൂവിൽ പ്രിയാ വാര്യർ പറഞ്ഞ കാര്യമാണ് ഒമർ ലുലുവിന്റെ എഫ്ബി പോസ്റ്റിന് കാരണമായത്. 2019ലാണ് ഒരു അഡാർ ലവ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രിയാ വാര്യരുടെ സൈറ്റ് അടിക്കുന്ന രംഗം വൈറലായി മാറിയിരുന്നു. സൈറ്റ് അടി രംഗം വൈറലായതോടെയാണ് താരവും പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയത്.
എന്നാൽ അടുത്തിടെ പേർളി മാണി അവതാരികയായിട്ടുള്ള പേർളി മാണി ഷോയിൽ അതിഥിയായി പ്രിയ എത്തിയിരുന്നു. തന്റെ പുതിയ ചിത്രമായ ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു പ്രിയാ വാര്യർ ഷോയിലെത്തിയത്. മംമ്ത മോഹൻദാസും ഈ ഷോയിലുണ്ടായിരുന്നു. ഷോയ്ക്കിടെ ഒരു അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. 'അഞ്ച് വർഷമായി' എന്നായിരുന്നു മറുപടി. പിന്നീട് ആ സൈറ്റടിക്കുന്നത് സംവിധായകൻ പറഞ്ഞിട്ട് ചെയ്തതാണോ അതോ സ്വന്തമായി ചെയ്തതാണോ എന്നായിരുന്നു പേർളിയുടെ അടുത്ത ചോദ്യം. ''അത് ഞാൻ എന്റെ കയ്യീന്ന് ഇട്ടതാ, എല്ലാം അങ്ങനെ തന്നല്ലേ'' എന്നായിരുന്നു പ്രിയാ വാര്യർ മറുപടി പറഞ്ഞത്.
ഇതിനെ ട്രോളിയാണ് ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒരു അഡാർ ലവ് ഇറങ്ങും മുൻപ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിന്റെ വീഡിയോ ഉൾപ്പെടെയാണ് ഒമർ ലുലു നടിയെ ട്രോളിയത്. '5 വർഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ' എന്ന ക്യാപ്ഷനോടെയാണ് ഒമർ വീഡിയോ പങ്കുവച്ചത്. പേർളി മാണി ഷോയുടെ വീഡിയോയും പഴയ അഭിമുഖത്തിന്റെ വീഡിയോയും ചേർത്താണ് പോസ്റ്റ്. ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് പഴയ വീഡിയോയിൽ പ്രിയാ വാര്യർ പറഞ്ഞത്. ആ അഭിമുഖത്തില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. ഇതിന് പുറമേ ''ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു'' എന്ന ക്യാപ്ഷനോടെ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും ഒമര്‍ മറ്റൊരു പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...