Mumbai : ഫെബ്രുവരി 25 ന് പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം ഗംഗുഭായ് കത്തിയവാഡിയുടെ പേര് മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ചിത്രത്തിൻറെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജികൾ ലഭിച്ചതിന്റെ സാഹചര്യത്തിലാണ് കോടതി ഈ നിർദ്ദേശം നൽകിയത്. ഹർജി വീണ്ടും നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. പേര് മാറ്റുന്നതിനെ കുറിച്ചുള്ള തീരുമാനം നാളെ അറിയിക്കാമെന്നാണ് ബൻസാലി പ്രൊഡക്ഷൻസിന്റെ വക്കീൽ സിദ്ധാർത്ഥ ഡേവ് സുപ്രീം കോടതിയെ അറിയിച്ചത്.
ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 25 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിരവധി തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചത്. കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കൊത്തേവാലി യുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ALSO READ: Gangubai Kathiawadi Movie: കാമാത്തിപ്പുരയെ വിറപ്പിച്ച അധോലോക റാണി, ആരാണ് ഗംഗുഭായ് കത്ത്യാവാഡി?
ചിത്രത്തിൻറെ റിലീസ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്കിയിരിക്കുന്നവരിൽ ഗംഗുഭായ് കൊത്തേവാലിയുടെ വളർത്തുമകൻ ബാബു റാവ്ജി ഷായും ഉൾപ്പെടും. ആലിയ ഭട്ടാണ് ഗംഗുഭായ് കത്തിയവാടിയായി എത്തുന്നത്. ആദ്യം 2021 ജൂലൈ 30 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. പിന്നീട് ഈ വര്ഷം ജനുവരിയിൽ ചിത്രം റീലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും വീണ്ടും മാറ്റി വെക്കുകയായിരുന്നു.
ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി. ചിത്രത്തിൽ ആലിയ ഭട്ടിനെയും അജയ് ദേവ്ഗണിനെയും കൂടാതെ വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്വ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ അതിഥി താരമായും എത്തും. ശന്തനു മഹേശ്വരി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഗംഗുഭായ് കത്തിയവാടിക്ക് ഉണ്ട്.
പതിറ്റാണ്ടുകൾക്ക് മുമ്പ് മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിൻറെ ഉടമയായിരുന്നു ഗംഗുഭായി കത്തിയവാഡി. എന്നാൽ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച സ്ത്രീ കൂടിയായിരുന്നു ചുവന്ന തെരുവിന്റെ ഈ റാണി.
ALSO READ: Super Sharanya OTT Release : സൂപ്പർ ശരണ്യ ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ റൈറ്റ് ZEE5ന്
എസ് ഹുസൈൻ സൈദിയും ജെയ്ൻ ബോർജസും രചിച്ച മുംബൈയിലെ മാഫിയ ക്വീൻസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ മാട്രിയാർക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ് ഗാംഗുബായ് കത്തിയവാടിയുടെ കഥ പറയുന്നത്.
ഗുജറാത്തിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ഗംഗുബായ് കത്തിയവാഡിയെ കാമുകൻ ഒരു വേശ്യാലയത്തിന് വിറ്റുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. തുടർന്ന് കാമാത്തിപുരയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളികളിൽ ഒരാളായി ഗാംഗുബായ് കത്തിയവാഡി മാറുകയായിരുന്നു.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.