ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ആശങ്കയിലാക്കിയിരിയ്ക്കുകയാണ് ഇന്ത്യൻ ടീമിന്‍റെ സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്.
അദ്ദേഹം പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നന്ദിയറിയിച്ചുകൊണ്ടുള്ള ഈ വീഡിയോ പുറത്തുവന്നതേ ദിനേശ് കാര്‍ത്തിക് തന്‍റെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി അഭ്യൂഹങ്ങള്‍ പരക്കുകയാണ്.
Also Read: Haya Movie : പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഹയയില്‍ റോബോ ഫൈറ്റും, ആവേശത്തോടെ ആരാധകര്‍
അതേസമയം, കാർത്തിക്കിന്‍റെ ഈ വീഡിയോ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന്‍റെ നല്ല ഓര്‍മ്മകള്‍ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍, ദിനേശ് ഈ വീഡിയോ അവതരിപ്പിച്ച രീതി അദ്ദേഹം അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കുന്നതിനുള്ള സൂചനയാണ് നല്‍കുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയിരിയ്ക്കുകയാണ് .
തന്‍റെ വീഡിയോയില്‍ ഈ T20 ലോകകപ്പിൽ കളിച്ചതിന്‍റെ അത്ഭുതകരമായ അനുഭവമാണ് താരം പരാമർശിച്ചത്. ഇതോടൊപ്പം, സെമിയിൽ ഇംഗ്ലണ്ടിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി പുറത്തായതിലുള്ള ദുഃഖവും അദ്ദേഹം പ്രകടിപ്പിച്ചു.
ടീമിന്‍റെ ഡ്രസിംഗ് റൂമില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് നോക്കുന്നതും തുടർന്ന് വിക്കറ്റ് കീപ്പറുടെ വേഷത്തില്‍ ഗ്ലൗസ് ധരിച്ച് കൈയിൽ ഹെൽമെറ്റുമായി ഗ്രൗണ്ടിൽ നിൽക്കുന്ന കാർത്തിക്കിനെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുവാന്‍ സാധിക്കുന്നത്. ഇതിനുശേഷം, അദ്ദേഹത്തിന്‍റെ ബാറ്റിംഗിന്‍റെ ദൃശ്യങ്ങൾ ഉണ്ട്, തുടർന്ന് മത്സരത്തിന് ശേഷം, ഒഴിവുസമയങ്ങളിൽ അദ്ദേഹം സഹതാരങ്ങൾക്കൊപ്പം ഓസ്‌ട്രേലിയയിൽ കറങ്ങുന്നത് കാണാം. അതുകൂടാതെ, കാർത്തികിന്‍റെ കുടുംബവും ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു, അദ്ദേഹത്തിന്‍റെ ഇരട്ട ആൺമക്കള്‍ കളിയ്ക്കുന്നതും വീഡിയോയില്‍ കാണാം...
മനോഹരമായ ഈ വീഡിയോയ്‌ക്കൊപ്പം കാർത്തിക് തന്‍റെ ആരാധകർക്കായി നന്ദിയുടെ മനോഹരമായ ഒരു സന്ദേശവും എഴുതിയിട്ടുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ടുള്ള ആ സന്ദേശം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉടന്‍തന്നെ വിരമിക്കൽ പ്രഖ്യാപിച്ചേക്കാം എന്ന സൂചനയാണ് നല്‍കുന്നത് എന്നാണ് ആരാധകര്‍ ഊഹിക്കുന്നത്.
കാർത്തിക് എഴുതി, 'ഇന്ത്യയ്‌ക്കായി ടി20 ലോകകപ്പിൽ കളിക്കാൻ കഠിനാധ്വാനം ചെയ്തു, അത് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു... എന്നാല്‍, ഞങ്ങളുടെ അവസാന ലക്ഷ്യം ഞങ്ങൾക്ക് നഷ്ടമായി, പക്ഷേ അത് എന്‍റെ ജീവിതത്തിൽ അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ നൽകി.... എന്‍റെ എല്ലാ സഹ കളിക്കാർക്കും പരിശീലകർക്കും സുഹൃത്തുക്കൾക്കും ഏറ്റവും പ്രധാനമായി എനിക്ക് ഒരിക്കലും അവസാനിക്കാത്ത പിന്തുണ നൽകിയ ആരാധകർക്കും നന്ദി', അദ്ദേഹം കുറിച്ചു.
2004ലാണ് ദിനേശ് കാർത്തിക് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇതിനുശേഷം, 18 വർഷത്തോളം ടീമിനകത്തും പുറത്തുമായി അദ്ദേഹം ഇന്ത്യൻ ടീമിന്‍റെ ഭാഗമായി തുടർന്നു. 2019 ലോകകപ്പിന് ശേഷം കാർത്തിക്കിന്‍റെ കരിയർ അവസാനിച്ചെങ്കിലും 2022 ഐപിഎല്ലിലെ അമ്പരപ്പിക്കുന്ന പ്രകടനത്തിന് ശേഷം ഈ തമിഴ്‌നാട് ബാറ്റർ തന്‍റെ കരിയർ പുനരുജ്ജീവിപ്പിച്ചു.
ഇന്ത്യക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 T20 മത്സരങ്ങളും കാർത്തിക് കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ T20 ലോകകപ്പിലെ മോശം പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...