ചരിത്രത്തിലേക്ക് ഗോള്‍ ഉരുളാന്‍ ഇനി അന്‍പത് നാള്‍!

ഫിഫാ അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം അന്‍പത് ദിവസം. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ടൂര്‍ണമെന്റിനുണ്ട്.

Last Updated : Aug 17, 2017, 12:19 PM IST
ചരിത്രത്തിലേക്ക് ഗോള്‍ ഉരുളാന്‍ ഇനി അന്‍പത് നാള്‍!

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം അന്‍പത് ദിവസം. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ടൂര്‍ണമെന്റിനുണ്ട്.

ആറു ഗ്രൂപ്പുകളിലായി ഇരുപത്തിനാല് ടീമുകളാണ് 2017ലെ ഫിഫാ അണ്ടര്‍ 17 ലോക കിരീടത്തിനായി പന്തുതട്ടുന്നത്. ന്യൂഡല്‍ഹി, മുംബൈ, ഗോവ, കൊച്ചി, കൊല്‍ക്കത്ത, ഗോഹട്ടി എന്നിവയാണ് മത്സരവേദികള്‍.

ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. വൈകിട്ട് അഞ്ച് മണിയോടെയാണ് മല്‍ത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കൊളംബിയ ഘാനയെ നേരിടും. ആതിഥേയരായ ഇന്ത്യയും ആദ്യദിവസം കളിക്കാനിറങ്ങുന്നുണ്ട്. രാത്രി 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിലാണ് ഇന്ത്യ ബൂട്ട് അണിയുക. യു.എസ്.എയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുന്നത്. ഇവിടെ ആദ്യ മത്സരം ആരംഭിക്കുന്നത് ഒക്ടോബര്‍ ഏഴിനാണ്. വൈകിട്ട് അഞ്ച് മണിമുതലാണ് മത്സരങ്ങള്‍ അരങ്ങേറുക. ഈ ലോകകപ്പിലെ സൂപ്പര്‍ ഗ്ലാമര്‍ പോരാട്ടവും കൊച്ചിയിലാണ് നടക്കുന്നത്. ബ്രസീലും സ്‌പെയിനുമാണ് അന്ന് തീ പാറുന്ന പോരാട്ടത്തിനായി ഇറങ്ങുന്നത്.
 
അതേസമയം അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. ഇനി അന്‍പത് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന സ്ഥിതിയ്ക്ക് ടിക്കറ്റ് വില്‍പ്പനയുടെ കാര്യത്തില്‍ വന്‍പുരോഗതി പ്രതീക്ഷിക്കുന്നുവെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു.

ഇതാദ്യമായി ഫിഫ ലോകകപ്പില്‍ കളിക്കുന്ന ടീം ഇന്ത്യയ്ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെല്ലാം പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ലോകകപ്പ് പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യയും അഭ്യര്‍ഥിച്ചു. ടൂര്‍ണമെന്റിനെ ഏറെ ആവേശത്തോടെയാണ് കാണുന്നതെന്ന് ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു.

Trending News