കുടുംബം പട്ടിണിയിൽ; ഷൂ പോളീഷ് ചെയ്യുന്ന പെട്ടിയുമായി പെലെ തെരുവിലേക്ക്; പിന്നീട് ലോകം ഫുട്ബോളിനൊപ്പം കേട്ടത് ഈ പേര് മാത്രമായിരുന്നു

Pele Unknown Stories : അച്ഛന് ഡൊൺഡിനോയ്ക്ക് മൈതനത്ത് വെച്ച് പരിക്കേറ്റതോടെ പെലെയുടെ കുടുംബം ദാരിദ്രത്തിലേക്ക് കൂപ്പ് കുത്തി. തുടർന്ന് ഫുട്ബോൾ ഇതിഹാസം തന്റെ കുടുംബത്തിനായി ഷൂ പോളിഷ് ചെയ്യുന്ന ജോലിക്കായി ഇറങ്ങി തിരിച്ചു.

Written by - Jenish Thomas | Last Updated : Dec 30, 2022, 11:41 AM IST
  • ഫുട്ബോൾ എന്ന നെല്ലിക്ക
  • കളിയാക്കി വിളിച്ച പേര് ഇതിഹാസ നാമം ആയി
  • ബ്രസീലും പെലെയും
  • യൂറോപ്പല്ല ബ്രസീലും സാന്റോസുമാണ് മുഖ്യം
കുടുംബം പട്ടിണിയിൽ; ഷൂ പോളീഷ് ചെയ്യുന്ന പെട്ടിയുമായി പെലെ തെരുവിലേക്ക്; പിന്നീട് ലോകം ഫുട്ബോളിനൊപ്പം കേട്ടത് ഈ പേര് മാത്രമായിരുന്നു

എഡ്സൺ അരാന്റെസ് ഡോ നാഷിമെന്റോ എന്ന ഫുട്ബോൾ ഇതിഹാസം പെലെ മൈതാനത്തോടും ലോകത്തോടും ഒരേ സമയം വിട പറയുമ്പോൾ ബാക്കി വെക്കുന്നത് കാൽപന്ത് എന്ന മായലോകത്തെ നിരവധി ഓർമകളാണ്. ഫുട്ബോൾ എന്ന പറയുന്നത് കേവലം ഒരു യൂറോപ്യൻ കായിക വിനോദമായി കണ്ടിരുന്ന ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ അതൊരു മതമാക്കി മാറ്റിയവരിൽ പ്രധാനിയായിരുന്നു പെലെ. ഒരു കാലഘട്ടത്തിൽ ഭരണകൂടത്തിന്റെ അനിശ്ചിതത്വത്തിൽ തകർന്നടിഞ്ഞ തെക്കെ അമേരിക്കൻ രാജ്യങ്ങളിൽ പട്ടിണിയെ മറക്കാൻ മാത്രമായിരുന്നു ഫുട്ബോൾ എന്ന കായിക വിനോദത്തെ കണ്ടിരുന്നത്. കുറച്ച് കുട്ടികൾ ചേർന്ന് അകത്തളങ്ങളിൽ തട്ടി കളിച്ചിരുന്ന (ഫുട്സാൾ) കാൽപന്താരവം മൈതനങ്ങളിലേക്കെത്തിയപ്പോൾ അതിലൂടെ പെലെ എന്ന ഇതിഹാസവും ജന്മം എടുക്കുകയായിരുന്നു.

ഫുട്ബോൾ എന്ന നെല്ലിക്ക

നെല്ലിക്ക എന്ന ഫലത്തിന്റെ രുചി വൈവിധ്യം എങ്ങനെയായിരുന്നോ അതായിരുന്നു ഫുട്ബോൾ പെലെയുടെ ജീവിതത്തിൽ. പെലെയുടെ പിതാവ് ഡൊൺഡിനോ ഫ്ലിമിനെൻസെ എന്ന ക്ലബിലെ ഫുട്ബോൾ താരമായിരുന്നു. ക്ലബിൽ താരമായിരിക്കെ ഡൊൺഡിനോക്ക് പരിക്കേൽക്കുകയും ബ്രസീലിയൻ ക്ലബ് പെലെയുടെ പിതാവിനെ കൈവിടുകയും ചെയ്തു. തുടർന്ന് കുടുംബം ദാരിദ്രത്തിലേക്ക് കുപ്പുകുത്തിയപ്പോൾ ഫുട്ബോളിന്റെ കൈയ്പെന്ന രുചി പെലെ അറിഞ്ഞു. തുടർന്ന് കുട്ടിക്കാലത്ത് കുടുംബത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ മിനാസിലെ തെരുവിലും റെയിൽവെ സ്റ്റേഷനുകളിലുമായി ഷൂ പോളീഷ് ചെയ്യാനുള്ള പെട്ടിയുമായി പെലെ ഇറങ്ങി. ദാരിദ്രത്തിലായ കുടുംബത്തെ പോറ്റാൻ ഷൂ പോളീഷ് ചെയ്യുന്ന ജോലി പെലെ സ്വയം തിരഞ്ഞെടുക്കുകയായിരുന്നുയെന്ന് 'പെലെ' എന്ന നെറ്റ്ഫ്ലിക്ലിന്റെ ഡോക്യുമെന്ററിയിൽ ഇതിഹാസ താരത്തിന്റെ സഹോദരി മരിയ ലൂസിയ പറഞ്ഞു. "എന്റെ കുടുംബത്തെ സഹായിക്കാനായി ഞാൻ ഷൂകൾ വൃത്തിയാക്കുകയും മിനുക്കിയെടുക്കുയും ചെയ്തു" പെലെ നെറ്റ്ഫ്ലിക്സിന്റെ ഡോക്യുമെന്ററിയിൽ സഹോദരിയുടെ വാക്കുകൾക്കൊപ്പം കൂട്ടിച്ചേർത്തു.

ആ ദാരിദ്രത്തിന്റെ പടു കുഴിയിൽ നിന്നായിരുന്നു ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായി പെലെ പന്ത് തട്ടി കയറിയത്.  സാവോ പോളെ തെരുവികളിലും മൈതനാങ്ങളും പന്ത് തട്ടിയ പെലെയുടെ കളി മികവ് കണ്ട അച്ഛന് ഡൊൺഡിനോ മകന്റെ ഭാവിക്കായി സാന്റോസിലേക്ക് മാറി താമസിക്കുകയായിരുന്നു. തുടർന്ന് ഫുട്ബോൾ എന്ന നെല്ലിക്കയുടെ മധുരം പെലെ അറിഞ്ഞ് തുടങ്ങി.

കളിയാക്കി വിളിച്ച പേര് ഇതിഹാസ നാമം ആയി

യഥാർഥത്തിൽ ഒരു അർഥമില്ലാത്ത വാക്കാണ് പെലെ. ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ പെലെ എന്ന വാക്കിന് ഒരു അർഥവുമില്ല. കുട്ടിക്കാലത്ത് കൂട്ടുകാർ കളിയാക്കി കൊണ്ട് വിളിച്ച പേരാണ് പെലെ ഇതിഹാസ നാമത്തിലേക്കെത്തുന്നത്. ബ്രീസിലിയൻ ക്ലബായ വാസ്കോ ഡ ഗാമയിലെ ഗോൾ കീപ്പർ ആയിരുന്ന ബിലെയുടെ പേരെ പിലെ തെറ്റായി ഉച്ചരിച്ചത് കൂട്ടുകാർ കളിയാക്കി വിളിച്ചതാണ് ബ്രസീലിയൻ ഇതിഹാസത്തിനെ പെലെ എന്ന നാമം ലഭിക്കുന്നത്. ആ പേര് പിന്നീട് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

സാവോ പോളയിലെ ഇൻഡോർ ഫുട്ബോൾ മത്സരങ്ങളിൽ ഷൂ ഒന്നുമില്ലാതെ അധിവേഗത്തിൽ പന്ത് തട്ടിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ പെലെയിലേക്ക് നയിച്ചു. ഒരു കൂട്ടം വരുന്ന തന്റെ കൂട്ടുകാർക്കൊപ്പം ചേർന്ന് ടീം രൂപീകരിച്ച് പെലെ ഫുട്സാളുകളുടെ ഭാഗമായിട്ടുണ്ട്. ഫുട്ബോൾ പന്ത് വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ പേപ്പറുകളും മറ്റ് തുണി തരങ്ങളും തിരുകി പന്ത് രൂപമാക്കി കുട്ടിക്കാലത്ത് തങ്ങൾ തട്ടി കളിച്ചിരുന്നുയെന്ന് ഇതിഹാസ തന്റെ ആത്മകഥയായ പെലെ : ദി ഓട്ടോബൈയോഗ്രഫിയിൽ പറയുന്നുണ്ട്.

ബ്രസീലും പെലെയും 

ഇന്ന് കാണുന്നതും കേൾക്കുന്നതുമായി കാനറികളുടെ സാമ്പതാളം ഫുട്ബോളിനൊപ്പം ചേർത്തത് പെലെയാണ്. ചരിത്രത്തിൽ ആദ്യമായി ബ്രസീലിന് ഫുട്ബോളിന്റെ സുവണ്ണർക്കപ്പിൽ മുത്തമിടാൻ സഹായിച്ചത് അന്ന് സ്വീഡനിലെ മൈതാനങ്ങളിൽ പതിനേഴുകാരനായ പെലെ തീർത്ത വിസ്മയമായിരുന്നു. സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക്കും ഫൈനലിൽ ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തതും പെലെയെന്ന പതിനേഴ്കാരന്റെ ചടുലമായി നീക്കങ്ങളായിരുന്നു.

62ലെ ലോകകപ്പിൽ ബ്രസീൽ മുത്തമിട്ടെങ്കിലും പെലെയ്ക്ക് നിരാശയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കാനറിപ്പടയ്ക്ക് തങ്ങളുടെ സൂപ്പർ താരത്തെ പരിക്കിലൂടെ നഷ്ടമായി. തുടർന്ന് 66ലെ ലോകകപ്പിൽ പെലെയുടെ നേതൃത്വത്തിൽ കാനറികൾ എത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തിരിച്ചടിയേറ്റ് ബ്രസീൽ പുറത്താകുകയായിരുന്നു. എന്നാൽ 1970ലെ ലോകകപ്പിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെലെ ബ്രസീലിനായി പന്ത് തട്ടാനായി മെക്സിക്കോയിലേക്കെത്തുന്നത്. ദേശീയ ടീമിലേക്കുള്ള വിളി ആദ്യം ഇതിഹാസ താരം നിരസിച്ചെങ്കിലും പിന്നീട് സമ്മർദ്ദങ്ങളിലൂടെ പെലെ ആ വിളി സ്വീകരിക്കുകയായിരുന്നു. ഗോൾ അടിക്കാരൻ എന്ന പേരിൽ നിന്നും ഒരു പ്ലേ മേക്കറായി മാറിയ പെലെയെയാണ് മെക്സിക്കോയിൽ കണ്ടത്. ഫൈനലിൽ 4-1ന് ഇറ്റലിയെ തകർത്ത് ബ്രസീലിനായി മൂന്നാം ലോകകപ്പ് ഉയർത്തിയ പെലെ ടൂർണമെന്റിൽ ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്തു.

യൂറോപ്പല്ല ബ്രസീലും സാന്റോസുമാണ് മുഖ്യം

1956 സാന്റോസിലേക്കെത്തിയ പെലെ തന്റെ ഫുട്ബോൾ കരിയറിലെ ഏകദേശം മൂന്ന് ദശകം പന്ത് തട്ടിയത് ഈ ബ്രസീലിയൻ ക്ലബിൽ മാത്രമായിരുന്നു. 637 മത്സരങ്ങളിൽ സാന്റോസിനായി ബൂട്ട് അണിഞ്ഞ പെലെ 618 ഗോളുകളാണ് സ്വന്തമാക്കിയത്. 1975 ലാണ് പെലെ വടക്കെ അമേരിക്കൻ ക്ലബായ ന്യൂയോർക്ക് കോസ്മോസിലേക്ക് തന്റെ കരിയറിലെ അവസാന ഘട്ടങ്ങത്തിൽ ചേക്കേറിയത്. റയൽ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ യൂറോപ്യൻ വമ്പന്മാർ പെലെയെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും കരാർ പേപ്പറായി മാറിയില്ല. പെലെയെ യൂറോപ്യൻ ക്ലബുമായി കൈമാറാൻ സാന്റോസ് മാനേജ്മെന്റ് തയ്യാറെടുക്കുന്ന എന്ന വാർത്ത പുറത്ത് വന്നപ്പോൾ ബ്രസീലിയൻ ആരാധകർ ക്ലബിന്റെ ആസ്ഥാനത്തേക്ക് പ്രതിഷേധം വരെ നടത്തുകയും ചെയ്തു.

കാൻസർ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെലെ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മരണം മടയുന്നത്. 82കാരനായ ഇതിഹാസ താരത്തിന്റെ അന്ത്യകർമ്മങ്ങൾ സാന്റോസിൽ വെച്ച് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News