അഡ്ലെയ്ഡ് : ടി20 ലോകകപ്പ് രണ്ടാം സെമി-ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 169 റൺസ് വിജയലക്ഷ്യം ഉയർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. വിരാട് കോലിയുടെയും ഹാർദിക് പാണ്ഡ്യയുടെയും അർധ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ ഇംഗ്ലീഷ് ടീമിനെതിരെ പ്രതിരോധിക്കാവുന്ന സ്കോറിലേക്കത്തിയത്. കെ.എൽ രാഹുൽ വീണ്ടും നിരാശ സൃഷ്ടിച്ചു.
പവർ പ്ലേയിൽ ഇന്ത്യ തുടരുന്ന മെല്ലെ പോക്ക് ഇന്നും ഇംഗ്ലണ്ടിനെതിരെ തുടരുകയും ചെയ്തു. തുടർന്ന് സ്കോർ ബോർഡ് 170തിലേക്കെത്തിക്കാൻ ഇന്ത്യൻ ബാറ്റർമാർ അവസാനം പെടാപാട് പെടുകയായിരുന്നു. അവസാന ഓവറികളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ 168 റൺസിലെത്തിയത്. 15 ഓവറിലാണ് ഇന്ത്യ 100 റൺസ് പിന്നിടുകയും അവിടെ നിന്നാണ് പാണ്ഡ്യ ഇന്ത്യ 168ലേക്കെത്തിച്ചത്. അവസാന പന്തിൽ ഫോർ കടത്തിയെങ്കിലും താരം ഹിറ്റ് വിക്കറ്റായതോടെയാണ് ഇന്ത്യയുടെ സ്കോർ 170 കടക്കാതിരുന്നത്. 33 പന്തിൽ 5 സിക്സറുകളും നാല് ഫോറുകളുടെയും അകമ്പടിയോടെ 63 റൺസെടുത്താണ് പാണ്ഡ്യ പുറത്താകുന്നത്.
ALSO READ : T20 World Cup 2022: ഐസിസി റാങ്കിംഗിൽ ഒന്നാമനായി സൂര്യകുമാർ; ആദ്യ പത്തിൽ നിന്ന് കോലി പുറത്ത്
ഒരു ഘട്ടത്തിൽ ഇന്ത്യ കുറഞ്ഞ റൺനിരക്കിലും ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലും നിൽക്കുമ്പോഴാണ് വിരാട് കോലി വീണ്ടും രക്ഷകനായി എത്തുന്നത്. 40 പന്തിൽ ഒരു സിക്സറും നാല് ഫോറകളും നേടിയാണ് കോലി അർധ സെഞ്ചുറി നേടിയത്. ഇതോടെ ടി20 അന്തരാഷ്ട്ര മത്സരത്തിൽ 4,000 റൺസ് കടമ്പ താരം താണ്ടുകയും ചെയ്തു. ടി20 ഫോർമാറ്റിൽ 4,000 റൺസെടുക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോലി.
അതേസമയം ഓപ്പണർ കെ.എൽ രാഹുൽ അഞ്ച് റൺസെടുത്ത് പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ വീണ്ടും നിരാശ പടർത്തി. ക്യാപ്റ്റൻ രോഹിത് ശർമ 27 റൺസെടുത്ത് പുറത്താകുകയും ചെയ്തു. മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവിന് 14 റൺസെ എടുക്കാനെ സാധിച്ചുള്ളു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ക്രിസ് വോക്സും ആദിൽ റഷീദും ചേർന്ന് ബാക്കി വിക്കറ്റുകൾ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന സെമി-ഫൈനൽ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ച് തങ്ങളുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനാണ് ബാബർ അസമും സംഘവും കിവീസിനെ തകർത്ത് ഫൈനലിലേക്കുള്ള പ്രവേശനം സ്വന്തമാക്കിയത്. ഓപ്പണർമാരായ മുഹമ്മദ് റിസ്വാന്റെയും ക്യാപ്റ്റൻ അസമിന്റെയും അർധ സെഞ്ചുറി നേട്ടമാണ് പാകിസ്ഥാന് ജയം അനയാസമാക്കിയത്. നവംബർ 13 ഞായറാഴ്ചയാണ് ടൂർണമെന്റിലെ ഫൈനിൽ ഇന്ന് പുരോഗമിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന്റെ ജേതാക്കൾ പാകിസ്ഥാനുമായി മെൽബണിൽ വെച്ച് ഏറ്റുമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...