ബാർബഡോസ്: 17 വർഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ടി-20 ലോകകപ്പ് ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യൻ പേസർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 2007ൽ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ടി-20 കിരീടം സ്വന്തമാക്കിയത്. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ സ്വന്തമാക്കുന്ന ലോകകപ്പ് കിരീടമാണ് ഇത്.
കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറിൽ 16 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഡേവിഡ് മില്ലർ പുറത്തായതോടെ ഇന്ത്യ ജയം ഏകദേശം ഉറപ്പിച്ചിരുന്നു. സിക്സ് പോകേണ്ടിയിരുന്ന പന്ത് ബൗണ്ടറി ലൈനിൽ ഗംഭീരമായി സൂര്യകുമാർ കൈപിടിയിൽ ഒതുക്കുകയായിരുന്നു.
27 പന്തിൽ 52 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. അക്ഷർ പട്ടേലിൻ്റെ ഒരോവറിൽ രണ്ട് സിക്സും രണ്ട് ഫോറുമിടച്ച ക്ലാസൻ ഇന്ത്യക്ക് ഭീഷണി ഉയർത്തിയിരുന്നു. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റ് താരങ്ങൾ. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി .
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും അക്ഷർ പട്ടേലിൻ്റെയും കൂട്ടുക്കെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. പവർപ്ലേ തീരുന്നതിന് മുമ്പ് തന്നെ രോഹിത് ശർമ്മ (9), പന്ത് (0), സൂര്യകുമാർ യാദവ് (3) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. വിക്കറ്റ് കളയാതെ സൂക്ഷിച്ച് കളിച്ച വിരാട് കോഹ്ലിയും ആക്രമിച്ച് കളിച്ച അക്ഷർ പട്ടേലും ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. വിരാട് കോഹ്ലി 59 പന്തിൽ നിന്ന് 76 റൺസും അക്ഷർ 31 പന്തിൽ നിന്ന് 47 റൺസുമെടുത്തു. അക്ഷർ പുറത്തായതിന് ശേഷം ശിവം ദൂബെ (27) കോഹ്ലിക്ക് നല്ല പിന്തുണ നൽകി. അവസാന ഓവറില്‍ ദുബെ, രവീന്ദ്ര ജഡേജ (2) എന്നിവര്‍ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയെങ്കിലും ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലായ വിരാട് കോഹ്ലിയാണ് കളിയിലെ താരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy