പ്രശസ്ത ഉർദു കവി മിർസ ഗാലിബിന്‍റെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

പ്രശസ്ത ഉർദു കവിയായ മിർസ ഗാലിബിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ . ഗാലിബിന്‍റെ 220 മത്തെ ജന്മദിനത്തെ ആദരിച്ചാണ് ഗൂഗിളിന്‍റെ ഇന്നത്തെ ഡൂഡിൽ. 

Last Updated : Dec 27, 2017, 10:42 AM IST
പ്രശസ്ത ഉർദു കവി മിർസ ഗാലിബിന്‍റെ  ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

ന്യൂഡല്‍ഹി: പ്രശസ്ത ഉർദു കവിയായ മിർസ ഗാലിബിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ . ഗാലിബിന്‍റെ 220 മത്തെ ജന്മദിനത്തെ ആദരിച്ചാണ് ഗൂഗിളിന്‍റെ ഇന്നത്തെ ഡൂഡിൽ. 

1797 ഡിസംബർ 27-ന് ആഗ്രയിൽ ജനിച്ച മിർസ ഗാലിബ് ഗസലുകളുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.  ഉർദു ഭാഷയിലെ ഏറ്റവും പ്രബലവും സ്വാധീനിക്കപ്പെട്ടിരുന്നതുമായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഗലിബ് 11 വയസ്സുള്ളപ്പോൾ കവിത എഴുതാൻ തുടങ്ങി.  അദ്ദേഹത്തിന്‍റെ ആദ്യ ഭാഷ ഉറുദു ആയിരുന്നു, എന്നാൽ പേർഷ്യനും തുർക്കിയും സംസാരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് പേർഷ്യൻ, അറബി തുടങ്ങിയ ഭാഷകൾ പഠിക്കാൻ അവസരം ലഭിച്ചിരുന്നു. 

സൂഫിമാർഗ്ഗത്തിന്‍റെ വക്താവായിരുന്ന ഗാലിബ്, മൗലിക ഇസ്ലാമിക നേതാക്കളെ തന്‍റെ രചനകളിൽക്കൂടി വിമർശിച്ചിരുന്നു. അക്കാലത്തെ ഡൽഹിയിലെ ഇസ്ലാമികപണ്ഡിതരിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ-ആധുനിക സാങ്കേതികവിദ്യകളോട് ഏറെ മതിപ്പുള്ളയാളായിരുന്നു ഗാലിബ്. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന ഡൽഹി കോളേജിൽ പേർഷ്യൻ അധ്യപകനായി ഗാലിബിന് ജോലി ലഭിച്ചെങ്കിലും, ഇംഗ്ലീഷുകാർ തന്‍റെ പ്രഭുത്വത്തെ ബഹുമാനിക്കുന്നില്ലെന്ന പരാതിയിൽ അദ്ദേഹം അത് സ്വീകരിച്ചില്ല.  സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു ഗാലിബ്.  ഒരു സ്ഥിരമായ വരുമാനമോ ജോലിയോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.  എന്നാല്‍ ഈ ക്ലേശങ്ങള്‍ക്കിടയിലും തന്‍റെ ജീവിത സാഹചര്യങ്ങളെ നര്‍മ്മം, ബുദ്ധി, സ്നേഹം എന്നിവയിലൂടെയാണ് അദ്ദേഹം നോക്കി കണ്ടത്.  ഉര്‍ദ്ദു കവിതകള്‍ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ അദ്ദേഹം നല്‍കിയെങ്കിലും അതിന് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഒരു വിലയും ആരും കൊടുത്തില്ല എന്ന് തന്നെ പറയാം.   എങ്കിലും അദ്ദേഹത്തിന്‍റെ ഗസലുകള്‍ ഇന്നും പ്രസക്തമാണ്‌. 1869 ഫെബ്രുവരി 15-ന് ഡൽഹിയിലായിരുന്നു അന്ത്യം. 

 

 

Trending News