Khalistan: യുഎസിൽ ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നിൽ വന്ദേമാതരം പാടി ത്രിവർണ പതാക വീശി ഇന്ത്യൻ വംശജർ; വീഡിയോ

Khalistan protest in US: ഖാലിസ്ഥാൻ അനുകൂല നേതാവായ അമൃത്പാൽ സിംഗിനെ പഞ്ചാബ് പോലീസ് വളഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 01:17 PM IST
  • വന്ദേമാതരം എന്ന ഗാനം ആലപിച്ചാണ് ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നിൽ ഇന്ത്യൻ വംശജർ ത്രിവർണ പതാക വീശിയത്.
  • മാർച്ച് 19ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു.
  • സംഭവത്തിൽ അമേരിക്കയെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Khalistan: യുഎസിൽ ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നിൽ വന്ദേമാതരം പാടി ത്രിവർണ പതാക വീശി ഇന്ത്യൻ വംശജർ; വീഡിയോ

ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ച സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിന് മുന്നിൽ സമാധാന റാലി നടത്തി ഇന്ത്യൻ വംശജർ. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം സാൻ ഫ്രാൻസിസ്കോയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി ഇന്ത്യൻ വംശജരാണ് വാഹനങ്ങളിൽ ത്രിവർണ്ണ പതാക വീശിക്കൊണ്ട് റാലി നടത്തിയത്. 

ഖാലിസ്ഥാൻ അനുകൂലികളുടെ അക്രമങ്ങളെ സമാധാന റാലിയിൽ അപലപിച്ചു. ഈ സമയം ഖാലിസ്ഥാൻ പതാകകളുമായി ഒരു സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പോലീസ് സന്നാഹം സ്ഥലത്ത് സജ്ജമായിരുന്നു. വിഘടനവാദികളായ സിഖുകാരിൽ ചിലർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി. എന്നാൽ "വന്ദേമാതരം" ആലപിക്കുകയും അമേരിക്കൻ പതാകയ്ക്കൊപ്പം ഇന്ത്യൻ ദേശീയ പതാക വീശുകയും ചെയ്ത ഇന്ത്യൻ അമേരിക്കൻ സമൂഹം ഒന്നിച്ചുനിന്ന് ഖാലിസ്ഥാനികളുടെ മുദ്രാവാക്യം വിളികളെ നിഷ്പ്രഭമാക്കി. 

ALSO READ: ലണ്ടനിലെ ഹൈക്കമ്മീഷന് മുന്നിൽ ഇന്ത്യക്കാർക്കൊപ്പം നൃത്തം ചെയ്ത് യുകെ പോലീസ് ഓഫീസർ; വീഡിയോ വൈറൽ

മാർച്ച് 19നാണ് ഒരു സംഘം ഖാലിസ്ഥാൻ അനുകൂലികൾ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചത്. മുദ്രാവാക്യം വിളികളുമായെത്തിയ പ്രതിഷേധക്കാർ സിറ്റി പോലീസ് ഉയർത്തിയ താൽക്കാലിക സുരക്ഷാ സജ്ജീകരണങ്ങൾ തകർത്ത് കോൺസുലേറ്റിനുള്ളിൽ ഖാലിസ്ഥാനി പതാകകൾ സ്ഥാപിച്ചു. രണ്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഈ പതാകകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തിൽ അമേരിക്കയെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ഖാലിസ്ഥാൻ അനുകൂല നേതാവായ അമൃത്പാൽ സിം​ഗിനെ പഞ്ചാബ് പോലീസ് പിടികൂടിയെന്ന റിപ്പോ‍‍ർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സിഖ് വിഘടനവാദികൾ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാ​ഗമായി ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക ഖാലിസ്ഥാൻ അനുകൂലികൾ അഴിച്ച് മാറ്റുകയും ഖാലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. അമൃത്പാൽ സിംഗിന്റെ ചിത്രങ്ങളും ഖാലിസ്ഥാൻ പതാകകളും പോസ്റ്ററുകളുമായി എത്തിയ പ്രതിഷേധക്കാരുടെ കൂട്ടത്തിൽ നിന്ന് ഒരാളാണ് ഹൈക്കമ്മീഷൻ്റെ ബാൽക്കണിയിൽ അതിക്രമിച്ച് കയറിയ ശേഷം ഇന്ത്യയുടെ ദേശീയ പതാക അഴിച്ചു മാറ്റിയത്. 

 

സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പതാക അഴിച്ചു മാറ്റി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഖാലിസ്ഥാൻ അനുകൂലികൾക്ക് ഇന്ത്യ വ്യക്തമായ മറുപടി നൽകിയിരുന്നു. ഹൈക്കമ്മീഷൻ കെട്ടിടത്തിൽ നിന്ന് ഖാലിസ്ഥാൻ അനുകൂലികൾ അഴിച്ചുമാറ്റിയ ദേശീയ പതാകയേക്കാൾ വലിയ പതാക ഉയർത്തിയാണ് ഇന്ത്യ മറുപടി നൽകിയത്. അടുത്തിടെയായി കാനഡ, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലുള്ള ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണവും വർധിച്ചുവരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News