Pakistan flood: പ്രളയം തകർത്ത പാകിസ്താന്റെ നഷ്ടം 18 ബില്യൺ ഡോളറിനടുത്തെത്തി; യുഎൻ സെക്രട്ടറി ജനറൽ പാകിസ്താനിൽ

Pakistan: മഹാപ്രളയം 8.25 ദശലക്ഷം ഏക്കറിലെ വിളകൾ നശിപ്പിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത് സാമ്പത്തിക നഷ്ടം കൂടുതൽ വർധിപ്പിച്ചതായി ദ ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 09:57 AM IST
  • കേന്ദ്രം കണക്കാക്കിയതും പ്രവിശ്യകൾ അംഗീകരിച്ചതുമായ കണക്കിൽ നിന്ന് 12.5 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്
  • പ്രളയത്തിൽ വളരെ ​ഗുരുതരമായ നാശനഷ്ടങ്ങളാണ് കാർഷിക മേഖല അഭിമുഖീകരിച്ചത്
  • 4.2 ദശലക്ഷം ഏക്കറിന്റെ പ്രാഥമിക നാശനഷ്ടമാണ് കണക്കാക്കിയത്
  • മഹാപ്രളയം 8.25 ദശലക്ഷം ഏക്കറിലെ വിളകൾ നശിപ്പിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ
Pakistan flood: പ്രളയം തകർത്ത പാകിസ്താന്റെ നഷ്ടം 18 ബില്യൺ ഡോളറിനടുത്തെത്തി; യുഎൻ സെക്രട്ടറി ജനറൽ പാകിസ്താനിൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രളയത്തെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം ഏകദേശം 18 ബില്യൺ ഡോളറിനടുത്തെത്തി. കേന്ദ്രം കണക്കാക്കിയതും പ്രവിശ്യകൾ അംഗീകരിച്ചതുമായ കണക്കിൽ നിന്ന് 12.5 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്. പ്രളയത്തിൽ വളരെ ​ഗുരുതരമായ നാശനഷ്ടങ്ങളാണ് കാർഷിക മേഖല അഭിമുഖീകരിച്ചത്. 4.2 ദശലക്ഷം ഏക്കറിന്റെ പ്രാഥമിക നാശനഷ്ടമാണ് കണക്കാക്കിയത്. മഹാപ്രളയം 8.25 ദശലക്ഷം ഏക്കറിലെ വിളകൾ നശിപ്പിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത് സാമ്പത്തിക നഷ്ടം കൂടുതൽ വർധിപ്പിച്ചതായി ദ ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. പരുത്തി, നെല്ല്, ചെറുകിട വിളകൾ എന്നിവയ്ക്ക് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

പ്രളയത്തിലുണ്ടായ നഷ്ടം ലഘൂകരിക്കുന്നതിന് പാകിസ്താൻ ഫലപ്രദമായ നിരീക്ഷണ-മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അന്താരാഷ്ട്ര തലത്തിൽ നടത്തിയ കൂടിക്കാഴ്ച്ചകളിൽ വ്യക്തമാക്കിയതായി ദ ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക നഷ്ടം വർധിച്ചതും കുറഞ്ഞ ജിഡിപി വളർച്ചയും കണക്കിലെടുത്ത്, പ്രതിശീർഷ വരുമാനം മന്ദഗതിയിലാകുമെന്ന് പ്രവചിക്കപ്പെടുന്നു. നടപ്പ് സാമ്പത്തിക വർഷം അഞ്ച് ശതമാനം ജിഡിപി വളർച്ചയാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും 21.9 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേറെയായി വർധിക്കും. പാകിസ്താൻ സർക്കാരിന്റെ കണക്കനുസരിച്ച് 118 ജില്ലകളിലെ വെള്ളപ്പൊക്കത്തിന് ശേഷം 37 ശതമാനം ജനസംഖ്യയും ദാരിദ്ര്യത്തിലാണ്.

ALSO READ: Karnataka Rain: കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു: ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് വേ വെള്ളത്തിൽ; വാഹനങ്ങൾ മുങ്ങി

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രളയ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനും ദുരിതമനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച പാകിസ്താനിൽ എത്തി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഈ ദുരന്തത്തോടുള്ള ദേശീയവും ആഗോളവുമായ പ്രതികരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറാൻ യുഎൻ മേധാവി പാകിസ്താൻ നേതൃത്വവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. പാകിസ്താനിൽ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലാണ് ​ഗുട്ടെറസ് സന്ദർശനം നടത്തുക. കൂടാതെ ദശലക്ഷക്കണക്കിന് ദുരിതബാധിതർക്കുള്ള ഗവൺമെന്റിന്റെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി യുഎന്നിന്റെ മാനുഷിക പ്രതികരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

പാകിസ്താനിൽ റെക്കോർഡ് മഴയിൽ തകർന്ന രാജ്യത്തെ പ്രതിസന്ധിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. “വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ഫലമായി പാകിസ്താൻ ജനത ഇപ്പോൾ നേരിടുന്ന മാനുഷിക പ്രതിസന്ധിയെ ഞങ്ങൾ സൂക്ഷ്മമായും അഗാധമായ ഉത്കണ്ഠയോടെയും വീക്ഷിക്കുന്നു,” പാകിസ്താനിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മന്ദാരി പറഞ്ഞു. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ (ഡബ്ല്യുഎംഒ) കണക്കനുസരിച്ച്, പാകിസ്താൻ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക സംഭവങ്ങളിലൊന്നാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അടിസ്ഥാന സൗകര്യങ്ങൾ, വീടുകൾ, കൃഷിഭൂമി, കന്നുകാലികൾ എന്നിവയുടെ നാശം തുടങ്ങിയ ആഘാതങ്ങളാൽ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കണക്കാക്കുന്നു. പ്രളയത്തിൽ ഇതുവരെ പാകിസ്താനിൽ 1,325 പേർ മരിച്ചു. രാജ്യത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News