ലോകം മാന്ദ്യത്തിന്റെ ഭീഷണി നേരിടുകയാണെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. അടുത്ത 12 മാസങ്ങൾക്കുള്ളിൽ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ കൂടുതല്‍ അപകടസാധ്യത നേരിടുമെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയും മറ്റുമാണ് മാന്ദ്യത്തിന്റെ ഭീഷണി ഉയര്‍ത്തുന്നതെന്നാണ് റിപ്പോർട്ട്. യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുന്നത് ലോക രാജ്യങ്ങളെ മാന്ദ്യത്തിലേക്ക് നയിക്കുന്നു. ഇതുമൂലം കോടിക്കണക്കിന് ആളുകളുടെ ജീവിതചെലവ് ഉയര്‍ന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ശക്തിയായ മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 81ന് ശേഷം ആദ്യമായാണ് ജൂണിലെ പണപ്പെരുപ്പനിരക്ക് 9.1 ശതമാനമായി ഉയര്‍ന്നത്. വരുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ യോഗത്തില്‍ പലിശനിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞമാസം 8.6 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഇതാണ് 9.1 ശതമാനമായി ഉയര്‍ന്നതെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1981ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണിത്.
പലിശനിരക്ക് ഉയര്‍ത്തുന്നത് ഇന്ത്യ പോലെ അതിവേഗം വളരുന്ന രാജ്യങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കും. അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ പലിശനിരക്ക് ഉയരുമെന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് രൂപയുടെ മൂല്യശോഷണത്തിന് ഇടയാക്കുകയും ഓഹരി വിപണിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ചൈനീസ് സമ്പദ് വ്യവസ്ഥയും തളര്‍ച്ചയുടെ പാതയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022ലെ വരുന്ന മാസങ്ങള്‍ ഏറെ നിര്‍ണായകമാണ്. 2023ല്‍ മാന്ദ്യത്തിന്റെ അപകടസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മാസം അവസാനം ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് രാജ്യാന്തര നാണയനിധി കുറയ്ക്കാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...