വാഷിംഗ്ടണ്‍: ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ആപ്ലിക്കേഷന്‍ (Tik Tok) നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് (Donald Trump) ഭരണകൂടത്തിന്‍റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ. ടിക് ടോകിന്‍റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
വാഷിംഗ്ടണിലെ US ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് ആണ് ട്രംപിന്‍റെ ടിക് ടോക് (Tik Tok Ban)നിരോധന ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. യു.എസില്‍ ടിക് ടോക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഉത്തരവിന് സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പൂര്‍ണ്ണ നിരോധനത്തിന് മുന്‍പ് അടുത്തമാസം 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നല്‍കിയിരുന്നു.
ടിക് ടോകി ന്‍റെ മാതൃ കമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഭരണകൂടത്തിന്‍റെ നടപടി. അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ടിക് ടോക് ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
രാജ്യസുരക്ഷ, വിദേശനയം, സമ്പദ് വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് ആരോപിച്ചിരുന്നു.
Also read: കോവിഡ് പ്രതിരോധം; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചതായി ട്രംപ്...!!
അതേസമയം, കോടതി വിധിയില്‍ പ്രതികരിച്ചുകൊണ്ട് ബൈറ്റ് ഡാന്‍സ് രംഗത്തെത്തിയിട്ടുണ്ട്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. ഞങ്ങളുടെ നിയമപരമായ വാദങ്ങളോട് കോടതി യോജിക്കുകയും ടിക്ടോക് ആപ്പ് നിരോധനം നടപ്പാക്കുന്നത് തടയുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതില്‍ അതിയായ സന്തോഷമുണ്ട്. അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും കമ്പനി അറിയിച്ചു.