ന്യൂഡൽഹി: രാജ്യത്തെ ഓഹരി വിപണിയിൽ നിന്ന് ബോംബെ ഡൈയിങ് ആന്റ് മാനുഫാക്ചറിങ് കമ്പനിയെ രണ്ട് വർഷത്തേക്ക് വിലക്കി സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സാമ്പത്തിക രേഖകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണം കമ്പനി നേരിടുന്നുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, പോളിസ്റ്റർ ആന്റ് ടെക്സ്റ്റൈൽ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് വാദിയ ഗ്രൂപ്പിന് കീഴിലുള്ള ബോംബെ ഡൈയിങ്.
ബോംബെ ഡൈയിങ് കൂടാതെ മറ്റ് ഒൻപത് കമ്പനികളും രേഖകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണം നേരിടുന്നുണ്ട്. അതേസമയം ബോംബെ ഡൈയിങ് ആന്റ് മാനുഫാക്ചറിങ്ങിന്റെ പ്രമോട്ടർമാരായ നുസ്ലി എൻ വാദിയ, ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ എന്നിവരെയും ഓഹരി വിപണികളിൽ നിന്നും രണ്ട് വർഷത്തേക്ക് വിലക്കിയാതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.
Also Read: കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും; സാധ്യമായതെല്ലാം ചെയ്യും..എല്ലാവരും ഒപ്പമുണ്ടാകണം; ഖാർഗെ
അതേസമയം കമ്പനിയെയും അതിന്റെ പ്രമോട്ടർമാരെയും രണ്ട് വർഷം വരെ വിലക്കിയ സെബിയുടെ ഉത്തരവിനെതിരെ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിലേക്ക് (എസ്എടി) നീങ്ങുമെന്ന് ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് അറിയിച്ചു. ഈ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നിയമപരമായ അവകാശം കമ്പനി വിനിയോഗിക്കുമെന്നും നീതി ലഭിക്കുമെന്നും ന്യായീകരിക്കപ്പെടുമെന്നും വിശ്വസിക്കുന്നതായും ബോംബെ ഡൈയിംഗ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
വാദിയ ഗ്രൂപ്പിന് കീഴിലെ സ്കാൽ സർവീസസ് ലിമിറ്റഡ്, ഇതിന്റെ മുൻ ഡയറക്ടർമാരായ ഡിഎസ് ഗഗ്രത്, എൻ എച്ച് ദതൻവാല, ശൈലേഷ് കാർണിക്, ആർ ചന്ദ്രശേഖരൻ, ദുർഗേഷ് മേത്ത എന്നിവർക്കെതിരെയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടപടി എടുത്തിട്ടുണ്ട്. ദുർഗേഷ് മേത്ത നേരത്തെ ബോംബെ ഡൈയിങിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു.
വാദിയ ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും പഴയ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ്. വ്യാവസായിക രംഗത്തും കൺസ്യൂമർ ഗുഡ്സ്, സിവിൽ ഏവിയേഷൻ, കെമിക്കൽ, ഫുഡ് പ്രൊസസിങ് രംഗങ്ങളിലും കമ്പനിക്ക് സ്വാധീനമുണ്ട്. ബോംബെ ഡൈയിംഗ് ഉൾപ്പെടെ വാദിയഗ്രൂപ്പിലെ നാല് കമ്പനികൾ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...