Gold: മാറി മറിയുന്ന വില; ഇനി സ്വര്‍ണ നിക്ഷേപം സുരക്ഷിതമാണോ?

Gold investment: വരും മാസങ്ങളിൽ സ്വർണത്തിൻ്റെ ആവശ്യത്തിൽ ഗണ്യമായ ഇടിവ് നേരിട്ടേക്കാം എന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 04:04 PM IST
  • സ്വർണ വിപണിയിലെ മാറ്റങ്ങൾ പ്രവചനാതീതമായി തുടരുകയാണ്.
  • കഴിഞ്ഞ വർഷം നവംബറിന് ശേഷം സ്വർണവില കുതിച്ചുയരുകയാണ്.
  • ചരിത്രത്തിൽ ഏറ്റവും വലിയ നിരക്കിലേയ്ക്ക് സ്വർണവില ഉയരുന്ന കാഴ്ചയ്ക്കാണ് ഈ വർഷം സാക്ഷിയായത്.
Gold: മാറി മറിയുന്ന വില; ഇനി സ്വര്‍ണ നിക്ഷേപം സുരക്ഷിതമാണോ?

സ്വർണ വിപണിയിലെ മാറ്റങ്ങൾ പ്രവചനാതീതമായി തുടരുകയാണ്. കഴിഞ്ഞ വർഷം നവംബറിന് ശേഷം സ്വർണവില കുതിച്ചുയരുകയാണ്. ചരിത്രത്തിൽ ഏറ്റവും വലിയ നിരക്കിലേയ്ക്ക് സ്വർണവില ഉയരുന്ന കാഴ്ചയ്ക്കാണ് ഈ വർഷം സാക്ഷിയായത്. ഇനി സ്വർണത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

സ്വർണം എന്നാൽ സുരക്ഷിത നിക്ഷേപമായി കാണുന്ന നിരവധിയാളുകളുണ്ട്. എന്നാൽ നിലവിലെ ട്രെൻഡ് കണ്ട് ആശങ്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. കോവിഡിന് ശേഷം നിക്ഷേപകർ വളരെ കരുതലോടെയാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ വരും കാലത്ത് സ്വർണ നിക്ഷേപം എത്രത്തോളം സുരക്ഷിതമാണെന്ന് അറിയേണ്ടതുണ്ട്. 

ALSO READ: റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ എങ്ങനെ നേടാം?

2022 നവംബറിൽ തുടങ്ങിയ സ്വർണ വിലയിലെ കുതിപ്പ് 2023 ന്റെ ആദ്യ പകുതി എത്തി നിൽക്കുമ്പോഴും വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ തുടരുകയാണ്. ഇടയ്ക്കിടെ മാത്രമുണ്ടാകുന്ന നേരിയ കുറവ് മാത്രമാണ് ആശ്വാസമാകുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വരാനിരിക്കുന്ന കാലത്ത് സ്വർണത്തിൻ്റെ ആവശ്യത്തിൽ ഗണ്യമായ ഇടിവ് നേരിട്ടേക്കാം എന്നാണ് റിപ്പോർട്ട്. മെറ്റൽസ് ഫോക്കസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ഈ വർഷം കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് കുറയ്ക്കുമെന്നാണ് മെറ്റൽസ് ഫോക്കസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ  സ്വർണത്തിൻ്റെ ആവശ്യം 9 ശതമാനം വരെ കുറയും. കഴിഞ്ഞ വർഷം കേന്ദ്ര ബാങ്കുകൾ റെക്കോ‍ർഡ് സ്വർണമാണ് വാങ്ങി കൂട്ടിയതെങ്കിൽ ഇത്തവണ ഇത് മന്ദ​ഗതിയിലായിരിക്കും. ആവശ്യം കുറയുകയും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നതിൽ കുറവ് വരുത്തുകയും ചെയ്താൽ സ്വർണത്തിൻ്റെ ഡിമാൻഡ് സ്വാഭാവികയമായി കുറയും. ഒപ്പം വിലയും കുറയാനുള്ള സാധ്യതയാണ് കാണുന്നത്.    

ഡിമാൻഡ് കുറയുമ്പോൾ ഈ വർഷം മൊത്തം സ്വർണ വിതരണത്തി 2 ശതമാനത്തിന്റെ വർധനയുണ്ടാകും. ഉയർന്ന ഖനി ഉത്പ്പാദനം, പുനരുത്പ്പാദനം എന്നിവ കാരണം സ്വർണ വിപണി ഈ വർഷം 500 ടണ്ണിലധികം മിച്ചത്തിലേയ്ക്കാണ് മടങ്ങി എത്തുന്നത്. അതിനാൽ, ഈ വർഷം ഇനി വരാനിരിക്കുന്ന മാസങ്ങളിൽ സ്വർണ വില പ്രവചനാതീതമായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടരും എന്നർത്ഥം. 

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടർന്നാണ് സ്വർണവില ഉയർന്നത്. 2023 ജനുവരി 1 മുതൽ ഇന്ന് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ വിലയിൽ 7 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണത്തിന്റെ വാർഷിക ശരാശരി വില 5% വർധിച്ച് 1890 ഡോളർ എന്ന ഉയർന്ന നിരക്കിൽ എത്താനുള്ള സാധ്യതയുണ്ട്. എന്നാൽ, ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വില സമ്മർദ്ദത്തിലാകും എന്നാണ് മെറ്റൽസ് ഫോക്കസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. 

ഈ മാസം 13, 14 തീയതികളിൽ നടക്കാനിരിക്കുന്ന ഫെഡറൽ റിസർവിന്റെ യോഗം സ്വർണ വിപണിയെയും നിക്ഷേപകരെയും സംബന്ധിച്ച് നിർണായകമാണ്. ഈ യോഗത്തിൽ പലിശ നിരക്കിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പലിശ നിരക്കിൽ വരുത്തുന്ന മാറ്റം സ്വർണ വിലയുടെ ഭാവി നിശ്ചയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News