'എംഎല്‍എ ഞങ്ങള്‍ക്കൊപ്പ൦' അല്‍വര്‍ കൊലയാളികള്‍; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

അല്‍വറിലെ രാംഗര്‍ പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്​ച രാത്രി പശുകടത്തി​​​ന്‍റെ പേരില്‍ നടന്ന ആള്‍ക്കൂട്ട  കൊലപാതകത്തില്‍ പിടിയിലായ മൂന്നു പ്രതികളും ഒരേ സ്വരത്തില്‍ പറയുന്നു 'എംഎല്‍എ ഞങ്ങള്‍ക്കൊപ്പമുണ്ട്, ആര്‍ക്കും ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല' എന്ന്. 

Last Updated : Jul 24, 2018, 10:08 AM IST
'എംഎല്‍എ ഞങ്ങള്‍ക്കൊപ്പ൦' അല്‍വര്‍ കൊലയാളികള്‍; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

അല്‍വര്‍: അല്‍വറിലെ രാംഗര്‍ പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്​ച രാത്രി പശുകടത്തി​​​ന്‍റെ പേരില്‍ നടന്ന ആള്‍ക്കൂട്ട  കൊലപാതകത്തില്‍ പിടിയിലായ മൂന്നു പ്രതികളും ഒരേ സ്വരത്തില്‍ പറയുന്നു 'എംഎല്‍എ ഞങ്ങള്‍ക്കൊപ്പമുണ്ട്, ആര്‍ക്കും ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല' എന്ന്. 

ബിജെപിയിലെ ഗ്യാനേന്ദ്ര അഹൂജയാണ് ഈ പ്രദേശത്തെ എംഎല്‍എ. കൂടാതെ സംഭവത്തില്‍ തിരിമറി നടത്തി കൊല്ലപ്പെട്ട അക്​ബര്‍ ഖാന്‍റെ പേരില്‍ പശുക്കടത്ത് റാക്കറ്റുടമയെന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമവും നേതാവ് നടത്തിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ ആള്‍ക്കൂട്ട മര്‍ദ്ദന൦ മൂലമല്ല, പൊലീസ് മര്‍ദ്ദനത്തിലാണ് അക്​ബര്‍ ഖാന്‍ കൊല്ലപ്പെട്ടതെന്ന് വരുത്തിതീര്‍ക്കാനും നേതാവ് ശ്രമിച്ചുവെന്നാണ് സൂചന.  

അതേസമയം, ആള്‍ക്കൂട്ട കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്തനടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഒരുനിലയ്ക്കും തുടരാന്‍ അനുവദിക്കരുതെന്നും കഴിഞ്ഞയാഴ്ച സുപ്രിംകോടതി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് അല്‍വറില്‍ പശുസംരക്ഷണത്തിന്‍റെ പേരില്‍ അക്​ബര്‍ ഖാനെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആണ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശമുണ്ടായിട്ടും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കോടതിയുത്തരവ് ലംഘിച്ചെന്നു ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിച്ച ഇന്ദിരാ ജയ്‌സിംഗ്, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരമായി പരിഗണിച്ചില്ലെങ്കിലും ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി കേസ് അടുത്തമാസം 20ന് പരിഗണിക്കുമെന്ന് അറിയിച്ചു.

അതേസമയം, അക്​ബര്‍ ഖാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍, പ്രതികളെ കണ്ടെത്താനായി സ്വീകരിച്ച നടപടികള്‍, പ്രദേശത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്നീ കാര്യങ്ങളെല്ലാം എത്രയും വേഗം വിശദീകരിച്ച് മറുപടി അയക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശം.

കൂടാതെ, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ്​ മനഃപൂര്‍വം വൈകിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന്​ കേസന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്​ഥന്​ കൈമാറിയിട്ടുണ്ട്​. ആശുപത്രിയിലെത്തിക്കാന്‍ എന്തുകൊണ്ട്​ കാലതാമസം നേരിട്ടു​വെന്ന് അന്വേഷിക്കുമെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ പറഞ്ഞു. 

 

Trending News