അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ പ്രകടന പത്രിക 'സങ്കല്‍പ് പത്ര 2017' പുറത്തിറക്കി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പ്രകടന പത്രിക പുറത്തിറക്കിയ ശേഷം, മാധ്യമങ്ങളോട് പ്രകടന പത്രികയെപ്പറ്റി വിശദീകരിക്കുകയും ചെയ്തു അരുണ്‍ ജെയ്റ്റ്ലി. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ ഭരണഘടനാ ബാധ്യതയും സാമ്പത്തിക അസ്ഥിരതയും സൃഷ്ടിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്തിൽ ബിജെപി ഭരണത്തെ വിമർശിക്കുന്ന പ്രതിപക്ഷത്തിന് മറുപടി നല്‍കാനും അദ്ദേഹം മറന്നില്ല. ഗുജറാത്തിലെ വളർച്ചാനിരക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ശരാശരി 10 ശതമാനമായിരുന്നു സംസ്ഥാനത്തിന്‍റെ വളര്‍ച്ചാനിരക്ക്, അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസവും പിന്തുണയും നല്‍കുന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രിക. കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നതായുംകൂടാതെ കൃഷി ആവശ്യത്തിനായി 16 മണിക്കൂര്‍ വൈദ്യുതിയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക.
ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍ നടക്കുക.
Congress's vision for Gujarat is based on constitutional impossibility and financial improbability : FM Jaitley #GujaratElection2017 pic.twitter.com/Zm4SGA8j5x
— ANI (@ANI) December 8, 2017