Assembly Election Results 2023 : ഹിന്ദി ഹൃദയത്തിൽ വീണ്ടും മോദി മാജിക്; കോൺഗ്രസിന് ആകെ ആശ്വാസം തെലങ്കാന; കെസിആറിന് ബൈ ബൈ...

Five State Assembly Election Results 2023 : മധ്യപ്രദേശിൽ ബിജെപി തുടർഭരണം നേടിയപ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം തിരിച്ചു പിടിച്ചു

Written by - Jenish Thomas | Last Updated : Dec 3, 2023, 04:09 PM IST
  • മധ്യപ്രദേശ് തൂത്തുവാരി ബിജെപി
  • കോൺഗ്രസിനെ കൈവിട്ട് രാജസ്ഥാനും ഛത്തീസ്ഗഡും
  • റെഡ്ഡിയുടെ തേരോട്ടത്തിൽ റാവുനോട് ബൈ ബൈ പറഞ്ഞ് തെലങ്കാന
Assembly Election Results 2023 : ഹിന്ദി ഹൃദയത്തിൽ വീണ്ടും മോദി മാജിക്; കോൺഗ്രസിന് ആകെ ആശ്വാസം തെലങ്കാന; കെസിആറിന് ബൈ ബൈ...

ന്യൂ ഡൽഹി : ഹിന്ദി ഹൃദയഭുമിയിൽ ബിജെപിയുടെ വളർച്ചയ്ക്ക് ഒരു കോട്ടവും സൃഷ്ടിക്കാനാകാതെ കോൺഗ്രസ്. വടക്കെ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഭരണം ഉറപ്പായി. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. മധ്യപ്രദേശിൽ തൂത്തുവാരികൊണ്ട് ബിജെപി തുടർഭരണം ഉറപ്പിച്ചപ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം തിരിച്ചുപിടിച്ചു. അതേസമയം ദക്ഷിണേന്ത്യയിൽ കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് വേരോട്ടം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് പുറത്ത് വന്ന ഫലങ്ങളിൽ കോൺഗ്രസിന് ആശ്വാസമായിരിക്കുന്നത് ഈ തെലങ്കാനയിലെ ജയം മാത്രമാണ്. അതേസമയം തെലങ്കാനയിലും ബിജെപിക്ക് സന്തോഷിക്കാൻ വകയുണ്ട്,

മധ്യപ്രദേശ് തൂത്തുവാരി ബിജെപി

എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് മധ്യപ്രദേശിലെ ബിജെപിയുടെ തേരോട്ടം. ഒട്ടുമിക്ക എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് സാധ്യത പറഞ്ഞിരുന്നെങ്കിലും അതിന് വിപരീതമാണ് മധ്യപ്രദേശിൽ നിന്നും കാണാൻ സാധിക്കുന്നത്. മാജിക് സംഖ്യയായ 116 പിന്നിട്ട് 160ന് മുകളിലാണ് നിലവിൽ ബിജെപിക്ക് മധ്യപ്രദേശിൽ സീറ്റ് നില . അക്ഷരാർഥത്തിൽ ബിജെപി പോലും ഈ വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. കർണാടകയിൽ തോറ്റു പോയ അതെ മോദി പ്രഭാവം തന്നെയായിരുന്നു മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി പ്രയോഗിച്ചത്. എന്നാൽ സംഘടന പ്രവർത്തങ്ങൾ ചിട്ടയോടെ ബിജെപി നടത്തി. ജാതി രാഷ്ട്രീയം എതിർകക്ഷികൾ മുന്നോട്ട് വെച്ചപ്പോൾ മുന്നോക്ക വിഭാഗത്തെ കൂടെ നിർത്തിയാണ് ബിജെപി ആ പ്രതികൂലാവസ്ഥയെ മറികടന്നത്. കൂടാതെ കോൺഗ്രസിന്റെ ജോതിരാദിത്യ സിന്ധ്യ എന്ന ഫാക്ടറും ബിജെപിക്ക് അനുകൂലമായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മധ്യപ്രദേശിൽ ജയിച്ചതായിരുന്നു. രാഷ്ട്രീയ അട്ടിമറിയിലൂടെ 15 മാസത്തെ കമൽനാഥ് സർക്കാരിനെ താഴെയിറക്കി ബിജെപി മധ്യപ്രദേശിൽ അധികാരത്തിൽ എത്തുന്നത്. ഭാരത് ജോഡോ യാത്ര, കർണാടകയിലെ ജയം, ഭരണവിരുദ്ധ വികാരം തുടങ്ങിയ പ്രതീക്ഷയായിരുന്നു കോൺഗ്രസിന് മധ്യപ്രദേശിൽ ഉണ്ടായിരുന്നത്. എന്നാൽ ജോതിരാദിത്യ സിന്ധ്യ ഫാക്ടറിന്റെ വാസ്തവം എന്താണെന്ന് മനസിലാക്കാൻ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പ് ഫലം വേണ്ടി വന്നു. കൂടാതെ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തിനുള്ള ഒരു തിരിച്ചടിയും കൂടിയാണ് മധ്യപ്രദേശിലെ തോൽവി. വോട്ട് വിഹിതത്തിലുള്ള അന്തരംഗമാണ് കോൺഗ്രസിനുള്ളിൽ സൃഷ്ടിക്കുന്ന ആശങ്ക. എട്ട് ശതമാനം വ്യത്യാസമാണ് മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസ് തമ്മിലുള്ളത്. നിലവിൽ 161 സീറ്റിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. 67 സീറ്റിലാണ് കോൺഗ്രസിന് ഭൂരിപക്ഷമുള്ളത്. ഓരോ സീറ്റുകൾ വീതം ബിഎസ്പിയും ഭാരത് ആദിവാസി പാർട്ടിയും മുന്നിട്ട് നിൽക്കുന്നു.

ALSO READ : Rajasthan Assembly Election 2023 : രാജസ്ഥാനിൽ ബിജെപി യുപി മോഡൽ പരീക്ഷിക്കുമോ? വസുന്ധര രാജെയെ ഒതുക്കും

കോൺഗ്രസിനെ കൈവിട്ട് രാജസ്ഥാനും ഛത്തീസ്ഗഡും

ഛത്തീസ്ഗഡിൽ അപ്രതീക്ഷിത തോൽവിയാണ് കോൺഗ്രസ് നേരിട്ടിരിക്കുന്നത്. ഭൂപേഷ് ഭാഗെൽ എന്ന നേതാവിന്റെ വ്യക്തി പ്രഭാവം ഉണ്ടായിട്ടും കോൺഗ്രസിന് ഹിന്ദി നാട്ടിൽ രക്ഷയില്ല. മധ്യപ്രദേശിലെ അഞ്ഞടിച്ച ബിജെപി തരംഗം ഒരുവിധം അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലേക്കെത്തിയെങ്കിലും ഇത്തരത്തിലുള്ള പരാജയം കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന്റെ ജയം പ്രവചിച്ചിരുന്നതാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നെങ്കിലും അവസാനമായതോടെ ബിജെപി മാജിക് നമ്പരും നേടി അധികാരം ഉറപ്പിക്കുകയായിരുന്നു.ആദിവാസ- ഗ്രമം മേഖലകളിൽ നിന്നും കോൺഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും ഇത്തവണ നഷ്ടമായിയെന്നാണ് നിഗമനം. പ്രാദേശികമായ ഏതാനും പ്രശ്നങ്ങളും കോൺഗ്രസിന് വിനായതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ട് വെക്കുന്ന നിഗമനം. മുൻ മുഖ്യന്ത്രി രമൺ സിങ്ങിനെ പോലെയുള്ളവർ ഉണ്ടായിരുന്നെങ്കിലും മോദി പ്രഭാവം തന്നെയാണ് ഛത്തീസ്ഗിലെ ബിജെപിയുടെ ജയത്തിന്റെ പ്രധാന കാരണം. 90 സീറ്റുകളൾ ഉള്ള ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിൽ ബിജെപി 53 സീറ്റിനാണ് മുന്നിലുള്ളത്. 35 സീറ്റിലാണ് കോൺഗ്രസിന് ഭൂരിപക്ഷമുള്ളത്. ബിഎസ്പി, ജിജിപി പാർട്ടികൾക്ക് ഓരോ സീറ്റുകൾ വീതമുണ്ട്.

രാജസ്ഥാനിലേക്ക് വരുമ്പോൾ കോൺഗ്രസിനുള്ളിലെ അധികാര തർക്കമാണ് തോൽവിക്കുള്ള പ്രധാന കാരണം, ഒരു ഘട്ടത്തിൽ പോലും കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് പ്രശ്നത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമിച്ചിട്ടില്ല. അതിന്റെ ഫലമാണ് രാജസ്ഥാനിൽ ഇന്ന് പ്രതിഫലിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ പ്രശ്നങ്ങൾക്കിടയിൽ 70 ഓളം സീറ്റ് നിലനിർത്താൻ സാധിച്ചത് രാജസ്ഥാൻ കോൺഗ്രസിന് ആശ്വസിക്കാവുന്നതാണ്. മറിച്ച് ബിജെപിക്കാകട്ടെ ഒരു ഭരണവിരുദ്ധ വികാരം രാജസ്ഥാനുള്ളിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ചോദ്യ പേപ്പർ ചോർച്ച, സ്ത്രീ സുരക്ഷ വിഭാഗീയ പ്രശനങ്ങൾ എന്നിവ കോൺഗ്രസ്സിന് ഏറ്റവും വലിയ അടിയായി മാറിയ പ്രശ്നങ്ങളായിരുന്നു രാജസ്ഥാനിൽ. പിന്നീട് പ്രാദേശികമായ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിച്ച് സർക്കാരിനെതിരെ തിരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ വിമത പ്രശ്നങ്ങളും ബിജെപിക്ക് ഒരുവിധം മറികടക്കാനും സാധിച്ചു, 115 ഓളം സീറ്റിലാണ് ബിജെപിക്ക് മുൻതൂക്കമുള്ളത്. കോൺഗ്രസ് നിലവിൽ 70 ഓളം സീറ്റിലാണ് മുന്നിലുള്ളത്. മൂന്ന് സീറ്റിൽ ഭാരത് ആദിവാസി പാർട്ടിയും രണ്ട് സീറ്റുകളിലായി ബിഎസ്പിയും ലോക്താന്ത്രിക് പാർട്ടികളും ഒരു സീറ്റിൽ ആർഎൽഡിയുമാണ് മുന്നിലുള്ളത്. ഏഴ് സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചിരിക്കുന്നത്.

റെഡ്ഡിയുടെ തേരോട്ടത്തിൽ റാവുനോട് ബൈ ബൈ പറഞ്ഞ് തെലങ്കാന

ഈ നാല് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ആകെ ആശ്വാസം ലഭിച്ചിരിക്കുന്നത് തെലങ്കാനയിൽ നിന്നാണ്. തെലങ്കാന സംസ്ഥാനം രൂപം നൽകിയ കോൺഗ്രസിനെ കൈവിട്ട് തെലുങ്കുദേശം വീണ്ടും ആ കൈയ്യിൽ പിടി നൽകിയിരിക്കുകയാണ്. സംസ്ഥാന രൂപീകൃതമായതിന് ശേഷം ആദ്യമായിട്ടാണ് കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിൽ എത്തുന്നത്. ഹാട്രിക് ജയം നേടാൻ ആഗ്രഹിച്ച കെ ചന്ദ്രശേഖർ റാവുന്റെ മോഹം തല്ലികെടുത്തുകയായിരുന്നു റേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ സ്ട്രാറ്റർജി കർണാടകയ്ക്ക് ശേഷം തെലങ്കാനയിൽ ഫലം കണ്ടു. എന്നാൽ തെലങ്കാനയിലും ബിജെപിക്ക് സന്തോഷിക്കാൻ വകയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് നിലവിൽ അവരുടെ അംഗങ്ങളുടെ എണ്ണം ഒമ്പതായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. ഭരണകക്ഷിയായിരുന്ന ബിആർഎസിന്റെ അർബൻ വോട്ടുബാങ്കിലേക്ക് ചൂഴ്ന്നു കയറാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഒവൈസിയുടെ പാർട്ടിക്ക് വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വെറും ആറ് സീറ്റുകളിൽ മാത്രമാണ് എഐഎംഐഎമ്മിന് ജയിക്കാൻ സാധിച്ചിട്ടുള്ളത്. കോൺഗ്രസിന് പിന്തുണയിൽ സിപിഐക്ക് ഒരു സീറ്റും നേടാൻ സാധിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News