ഫെബ്രുവരി 18 ശനിയാഴ്ച കോയമ്പത്തൂർ ഈഷ യോഗ സെന്ററിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് ദ്രൗപതി മുർമു തമിഴ്നാട് സന്ദർശിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രത്യേക സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംഗീതം, നൃത്തം, സാംസ്കാരിക പ്രകടനങ്ങൾ, സദ്ഗുരു മാർഗ്ഗനിർദ്ദേശം നൽകുന്ന ധ്യാനം തുടങ്ങിയവ രാത്രിനീണ്ടുനിൽക്കുന്ന ആഘോഷത്തിലുണ്ടാകും. ഈഷ മഹാശിവരാത്രി 2023-ന് ആതിഥേയത്വം വഹിക്കാൻ കോയമ്പത്തൂരിലെ ഈഷ യോഗാ സെന്റർ ഒരുങ്ങി കഴിഞ്ഞു. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ഉത്സവം മാർച്ച് 18 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് 19 ന് രാവിലെ 6 മണി വരെ സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ തുടരും. ആയിരക്കണക്കിന് ആളുകൾ തത്സമയം പരിപാടിയിൽ പങ്കെടുക്കും.
ഈഷ മഹാശിവരാത്രി 16 ഭാഷകളിൽ ഓൺലൈനിൽ തത്സമയ സംപ്രേക്ഷണമുണ്ടാകും. കൂടാതെ ഇന്ത്യയിലെ എല്ലാ പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കുകളിലും ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം ഉണ്ടായിരിക്കും. ധ്യാനലിംഗത്തിലെ പഞ്ചഭൂത ആരാധനയോടെ ആരംഭിക്കുന്ന ഈശ മഹാശിവരാത്രി ലിംഗഭൈരവി മഹായാത്രയോടെ തുടക്കം കുറിക്കുകയും, സദ്ഗുരു പ്രഭാഷണം, അർദ്ധരാത്രി ധ്യാനങ്ങൾ, 3D പ്രൊജക്ഷൻ വീഡിയോ ഇമേജിംഗ് ഷോയായ ആദിയോഗി ദിവ്യ ദർശനം എന്നിവയിലേക്ക് നീങ്ങുകയും ചെയ്യും. രാജസ്ഥാനി നാടോടി ഗായകൻ മാമേ ഖാൻ, അവാർഡ് ജേതാവായ സിത്താർ മാസ്റ്റർ നിലാദ്രി കുമാർ, ടോളിവുഡ് ഗായകൻ രാം മിരിയാല, തമിഴ് പിന്നണി ഗായകൻ വേൽമുരുകൻ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...