പ്രഭാകരൻ ശരിക്കും മരിച്ചിട്ടില്ല? ഇന്റലിജൻസ് ഏജൻസികൾക്കും സംശയം, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഏറെ

Velupillai Prabhakaran alive: നെടുമാരൻ പറഞ്ഞതിനെ വെറും ഫലിതമെന്നാണ് ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം വിശേഷിപ്പിച്ചത്.  എന്നാൽ ഇന്ത്യൻ ഏജൻസികൾ ഇതിന് പിന്നിലെ സത്യം അന്വേഷിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 06:02 PM IST
  • ശ്രീലങ്കൻ സൈന്യം പുറത്ത് വിട്ടത് പ്രഭാകരന്റെ രൂപസാദൃശ്യമുള്ള ഒരു ലങ്കൻ സൈനികന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളാണെന്നാണ് ഒരു സിദ്ധാന്തം
  • പ്രഭാകരന്റെ മരണം എങ്ങനെ ആയിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല
  • ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയും തമിഴ്നാട് ക്യൂ ബ്രാഞ്ചും നെടുമാരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്
പ്രഭാകരൻ ശരിക്കും മരിച്ചിട്ടില്ല? ഇന്റലിജൻസ് ഏജൻസികൾക്കും സംശയം, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഏറെ

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെ ഉണ്ട് എന്ന വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് എന്ന സംഘടനയുടെ പ്രസിഡന്റും മുൻ കോൺഗ്രസ് നേതാവുമായ പഴ നെടുമാരൻ ആവർത്തിക്കുമ്പോൾ, അതിനെ അങ്ങനെ അങ്ങ് തള്ളിക്കളയാൻ പറ്റില്ലെന്നാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസി പറയുന്നത്. നെടുമാരൻ പറഞ്ഞതിനെ വെറും ഫലിതമെന്നാണ് ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം വിശേഷിപ്പിച്ചത്. എന്നാൽ അതിനെ വെറുമൊരു ഫലിതമായി കാണാൻ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി തയ്യാറല്ല. ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സംഘടനയുടെ നേതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്ന പ്രഖ്യാപനത്തെ അങ്ങനെ തള്ളാൻ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കഴിയില്ല.

വേലുപ്പിള്ള പ്രഭാകരൻ ശ്രീലങ്കയിലെ മുല്ലൈതീവിൽ വച്ച് 14 വർഷം മുൻപ്, 2009 മെയ് 18 ന് ലങ്കൻ സൈന്യവുമായി നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വിവരം. മരിച്ചു കിടക്കുന്ന പ്രഭാകരന്റെ ചിത്രങ്ങൾ അന്ന് ശ്രീലങ്കൻ സൈന്യം പുറത്ത് വിടുകയും ചെയ്തിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ, മരിച്ചത് പ്രഭാകരൻ തന്നെയെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചിരുന്നു. പ്രഭാകരന്റെ വലംകൈ ആയിരുന്ന, പിന്നീട് തെറ്റിപ്പിരിഞ്ഞ് ഔദ്യോഗിക ഭരണകൂടത്തിനൊപ്പം ചേർന്ന കരുണൻ അമ്മൻ അതിന് മുമ്പ് തന്നെ സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ദിവസങ്ങൾക്കകം, പ്രഭാകരന്റെ മരണം എൽടിടിഇ അംഗീകരിക്കുകയും ചെയ്തു. 

Read Also:  അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാ‍ർത്ഥിയാകാൻ ഒരു മലയാളിയും! 37 വയസ്സുള്ള വിവേക് രാമസ്വാമി... അറിയേണ്ടതെല്ലാം

എന്നാൽ വേലുപ്പിള്ള പ്രഭാകരൻ അന്ന് മരിച്ചിട്ടില്ല എന്നും ശ്രീലങ്കൻ സൈന്യത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടു എന്നും വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. പ്രഭാകരന്റേത് എന്ന പേരിൽ പുറത്ത് വിട്ട ചിത്രങ്ങൾ, ശ്രീലങ്കൻ സൈന്യത്തിലെ പ്രഭാകരനുമായി രൂപസാദൃശ്യമുള്ള ഒരു പട്ടാളക്കാരന്റേതായിരുന്നു എന്നാണ് ചില മാധ്യമങ്ങൾ ആരോപിച്ചത്. പ്രഭാകരൻ ആത്മഹത്യ ചെയ്തതോ വെടിയേറ്റ് മരിച്ചതോ ആയിരിക്കാമെന്നാണ് വിലയിരുത്തൽ. ആത്മഹത്യ ചെയ്യുകയാണെങ്കിൽ, തമിഴ് പുലികളുടെ പതിവ് ശൈലിയിൽ കഴുത്തിലെ ലോക്കറ്റിലെ സയനൈഡ് ഉപയോഗിച്ച് മാത്രമേ പ്രഭാകരൻ മരിക്കുമായിരുന്നുള്ളു എന്നാണ് മറ്റൊരു സിദ്ധാന്തം.

മുല്ലൈത്തീവിലെ പോരാട്ടം ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടു നിന്ന ഒന്നായിരുന്നില്ല. എന്നാൽ ശ്രീലങ്കൻ സൈന്യം പുറത്ത് വിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും പ്രഭാകരന്റെ മുഖത്ത് ചെറിയ കുറ്റിത്താടി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രം ഷേവ് ചെയ്തത് എന്ന് തോന്നിപ്പിക്കുന്നതാണ് അത്. ദിവസങ്ങൾ നീണ്ട കനത്ത യുദ്ധത്തിനും പലായനത്തിനും ഇടയ്ക്ക് വേലുപ്പിള്ള പ്രഭാകരന് ഷേവ് ചെയ്യാനുള്ള സമയം എങ്ങനെ കിട്ടിയെന്നാണ് മറ്റൊരു ചോദ്യം. എന്തായാലും ഈ ചോദ്യങ്ങളൊക്കെ ഇപ്പോൾ കൂടുതൽ ശക്തമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പ്രഭാകരന്റെ മരണം എൽടിടിഇ തന്നെ അംഗീകരിച്ച് വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് സംഘടനാ നേതാവ് പറയുന്നത് ചില സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചും കരുതുന്നു. ഇന്റലിജൻസ് എഡിജിപി ഡേവിഡ്‌സണ്ണിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് വിഷയത്തിൽ അന്വേഷണം നടത്താൻ തമിഴ്നാട് സർക്കാർ ചുമതലപ്പെടുത്തിയത്. ഡിഐജി സെന്തിൽവേലൻ, തമിഴ്നാട് ക്യൂ ബ്രാഞ്ച് എസ്‌പി കണ്ണമ്മൽ എന്നിവരും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. വേലുപ്പിള്ള പ്രഭാകരനേയും എൽടിടിഇയേയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഇപ്പോൾ തമിഴ്നാട്ടിൽ ഭരണത്തിലുള്ള ഡിഎംകെ സ്വീകരിച്ചിരുന്നത്. 

നെടുമാരൻ പറഞ്ഞതനുസരിച്ച് വേലുപ്പിള്ള പ്രഭാകരനും അദ്ദേഹത്തിന്റെ ഭാര്യയും മകളും ജീവനോടെയുണ്ട്. അദ്ദേഹത്തിന് വീണ്ടും പുറത്തുവരാൻ പറ്റിയ  സാഹചര്യമാണ് ശ്രീലങ്കയിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. പ്രഭാകരന് വേണ്ട പിന്തുണ എല്ലാ തമിഴരും നൽകണമെന്നും നെടുമാരൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്വേഷണ ഏജൻസികൾ പ്രത്യേകമായാണ്  അന്വേഷണം നടത്തുക. തീവ്ര തമിഴ് ദേശീയവാദി നേതാവായ നെടുമാരന്, വേലുപ്പിള്ള പ്രഭാകരനുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാൽ കഴിഞ്ഞ കുറച്ചു നാളുകളിലായി അദ്ദേഹം വിളിച്ചിട്ടുള്ള ഫോൺ കോളുകളും പോയ സ്ഥലങ്ങളും അദ്ദേഹവുമായി അടുത്ത് ഇടപഴകിയ ആളുകളും എല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരും. കേന്ദ്ര ഇന്റലിജൻസ് ഏജൻസി നെടുമാരനെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ സംശയങ്ങൾക്ക് വഴിവച്ച ഒരു സംഭവം 2021ൽ ഉണ്ടായതായി തമിഴ്നാട് ക്യൂ ബ്രാഞ്ചും പറയുന്നു. 2021 ഒക്ടോബറിൽ സബീശൻ എന്ന് പേരുള്ള ഒരാളെ എ കെ 47 തോക്കുകൾ, വെടിയുണ്ടകൾ എന്നിവ കപ്പലിൽ കടത്തിക്കൊണ്ടു വന്നപ്പോൾ പൊലീസ് പിടികൂടിയിരുന്നു. പൊതുഅമ്മാനെന്ന എൽടിടിഇ നേതാവിന്റെ അടുത്ത കൂട്ടാളിയാണ് സബീശൻ. എൽടിടിഇയ്ക്ക് വീണ്ടും ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി ലഹരിക്കടത്തും ആയുധക്കടത്തും പൊതുഅമ്മാന്റെ നേതൃത്വത്തിൽ നടക്കുന്നുവെന്ന റിപ്പോർട്ടും വന്നിരുന്നു. ഈ സമയത്താണ് സബീശന്റെ അറസ്റ്റ്. 

എൽടിടിഇയ്ക്ക് സ്ലീപ്പിങ്ങ് സെല്ലുകൾ ഉണ്ടെന്നും സാഹചര്യം അനുകൂലമാകുമ്പോൾ പ്രവർത്തന സജ്ജരായി ഇവർ തിരികെയെത്തിയേക്കാമെന്നുമുള്ള മുന്നറിയിപ്പുകൾ മുൻപും പല തവണ വന്നിട്ടുണ്ട്. എന്തായാലും നെടുമാരന്റെ വെളിപ്പെടുത്തൽ വെറുമൊരു ഗീർവാണം ആയിരിക്കില്ലെന്ന വിലയിരുത്തലിലാണ് ലോകം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News