Rahul Gandhi Disqualified: രാഹുല്‍ ഗാന്ധിയുടെ 'കിടപ്പാടവും' പോകും; തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറങ്ങേണ്ടി വരും

Rahul Gandhi Disqualified: ഡല്‍ഹിയിലെ തുഗ്ലക് ലെയിനില്‍ 12- ാം നമ്പര്‍ വീട്ടിലാണ്  വർഷങ്ങളായി രാഹുല്‍ ഗാന്ധിയുടെ താമസം. 10, ജൻപഥിലാണ് സോണിയ ഗാന്ധി താമസിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 03:48 PM IST
  • എല്ലാ രേഖകളിലും രാഹുൽ ഗാന്ധി സ്ഥിരം വിലാസമായി നല്‍കിയിരിക്കുന്നത് 12, തുഗ്ലക് ലെയിന്‍, ഡല്‍ഹി എന്ന വിലാസമാണ്
  • അയോഗ്യനാക്കപ്പെട്ടുകഴിഞ്ഞാല്‍ ഔദ്യോഗിക വസതിയില്‍ തുടരാന്‍ ആവില്ല
  • 2019 ൽ മുൻ എംപിമാർക്ക് ഔദ്യോഗിക വസതി ഒഴിയാൻ 7 ദിവസത്തെ നോട്ടീസ് ആയിരുന്നു നൽകിയിരുന്നത്
Rahul Gandhi Disqualified: രാഹുല്‍ ഗാന്ധിയുടെ 'കിടപ്പാടവും' പോകും; തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറങ്ങേണ്ടി വരും

ഡല്‍ഹി: റോക്കറ്റ് വേഗത്തില്‍ ആണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. അതും ഒരു ദിവസത്തെ മുന്‍കാല പ്രാബല്യത്തോടെ. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറക്കാനുള്ള നീക്കവും അധികം വൈകാതെ ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ കരുതുന്നത്. 

ഡല്‍ഹിയിലെ തുഗ്ലക് ലെയിനില്‍ 12- ാം നമ്പര്‍ വീട്ടിലാണ് രാഹുല്‍ ഗാന്ധിയുടെ താമസം. വര്‍ഷങ്ങളായി ഇവിടെയാണ് അദ്ദേഹം കഴിയുന്നത്. എല്ലാ രേഖകളിലും സ്ഥിരം വിലാസമായി നല്‍കിയിരിക്കുന്നതും 12, തുഗ്ലക് ലെയിന്‍, ഡല്‍ഹി എന്ന വിലാസമാണ്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിയ്ക്ക് അദ്ദേഹത്തിന്റെ സ്ഥിരം മേല്‍വിലാസം കൂടി നഷ്ടപ്പെടും.

Read Also: രാഹുൽ ഗാന്ധി അയോഗ്യൻ, ഉത്തരവിറങ്ങി

അയോഗ്യനാക്കപ്പെട്ടുകഴിഞ്ഞാല്‍ ഔദ്യോഗിക വസതിയില്‍ തുടരാന്‍ ആവില്ല എന്നതാണ് ചട്ടം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ കടുംപിടിത്തം കാണിക്കാറില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ ആ ഒരു പരിഗണന നല്‍കുമോ എന്നാണ് അറിയേണ്ടത്. അപ്പീല്‍ പോകാന്‍ 30 ദിവസം അനുവദിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് സൂറത്ത് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷവിധിച്ചത്. പക്ഷേ, ആ ഉത്തരവിന്റെ ആനുകൂല്യം പോലും ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയില്ല.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക വസതികള്‍ ഒഴിയാത്ത മുന്‍ എംപിമാര്‍ക്ക് ഏഴ് ദിവസത്തെ നോട്ടീസ് ആയിരുന്നു നല്‍കിയിരുന്നത്. അന്ന് ലോക്‌സഭ പാനല്‍ ആയിരുന്നു ഇത്തരം ഒരു ഉത്തരവിറക്കിയത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഏഴ് ദിവസത്തെ സാവകാശം ലഭിക്കുമോ ഇല്ലയോ എന്നതും ഉത്തരവിറങ്ങിയാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളു. 

Read Also: 'ശൂർപ്പണഖ' പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ മാനനഷ്ടക്കേസിന് രേണുക ചൗധരി

അധികം ദൂരെയല്ലാതെ 10, ജന്‍പഥില്‍ ആണ് അമ്മ സോണിയ ഗാന്ധി താമസിക്കുന്നത് എന്നതില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വസിക്കാം. വേണമെങ്കില്‍ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ രാഹുലിനും താമസിക്കാവുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ സോണിയ ഗാന്ധി 10, ജന്‍പഥില്‍ ആണ് താമസം. പിന്നീട് ഇതുവരെ അവിടെ നിന്ന് മാറേണ്ടി വന്നിട്ടില്ല. 

രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ അടുത്ത ആറ് വർഷത്തേക്ക് രാഹുലിന് നിയമസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിക്കാൻ ആവില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയുളള സാഹചര്യത്തിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്നും ചോദ്യമുയരുന്നു. ജനപ്രതിനിധി മരിക്കുകയോ അയോഗ്യനാക്കപ്പെടുകയോ ചെയ്താൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിയമം. അങ്ങനെയെങ്കിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടന്നേക്കും. 

എന്തായാലും ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മേൽ കോടതിയെ സമീപിക്കുന്നുണ്ട്. മേൽ കോടതി, സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്താൽ രാഹുലിന്റെ അയോഗ്യതയും ഇല്ലാതാകും. സ്റ്റേ ചെയ്യുന്നതിന് പകരം ശിക്ഷയിൽ ഇളവ് നൽകിയാലും സമാനമായ സ്ഥിതിവിശേഷം തന്നെ ആയിരിക്കും ഉണ്ടാവുക. ക്രിനിമൽ കേസിൽ രണ്ട് വർഷമോ അതിൽ അധികമോ ശിക്ഷിയ്ക്കപ്പെട്ടാൽ മാത്രമേ ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരാളെ അയോഗ്യനാക്കാൻ സാധിക്കുകയുള്ളു. 

രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ മറ്റൊരു പ്രതിസന്ധി കൂടി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രാഹുലിനെതിരെ 16 കേസുകളാണ് നിലവിലുള്ളത്. അതിൽ ആർഎസ്എസിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ മാത്രം മൂന്ന് കേസുകളാണുള്ളത്. മഹാത്മ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News