ശബരിമല: സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മൂന്നുമാസത്തിന് ശേഷമാണ് സര്‍ക്കാരിന്‍റെ ഈ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നത്.  

Last Updated : Mar 25, 2019, 09:26 AM IST
ശബരിമല: സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ഇന്ന് പരിഗണിക്കും. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഫെബ്രുവരി ആറിനാണ് 56 പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 

കേരള ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയും, മണ്ഡലക്കാലസമയത്ത് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി മുപ്പത് ശതമാനം അധികചാര്‍ജ് വാങ്ങുന്നതും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതും ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.

മണ്ഡലകാല സമയത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീപ്രവേശത്തെ എതിര്‍ത്തുമുളള മുപ്പത്തിരണ്ടില്‍പ്പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ്. മൂന്നുമാസത്തിന് ശേഷമാണ് സര്‍ക്കാരിന്‍റെ ഈ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നത്.

Trending News