നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ല; വിഷയത്തില്‍ ഇടപെട്ട് കണ്ണന്താനം

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലില്‍; ഭക്തരുടെ പ്രശ്നങ്ങള്‍  വിലയിരുത്തും.

Last Updated : Nov 19, 2018, 09:57 AM IST
നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ല; വിഷയത്തില്‍ ഇടപെട്ട് കണ്ണന്താനം

പത്തനംതിട്ട: നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്ന് അഭിപ്രായപ്പെട്ടു. ശബരിമലയെ യുദ്ധഭൂമി ആക്കുന്നത് ശരിയല്ല. ഭക്തരെ പൊലീസ് നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല എന്നും അദ്ദേഹം പറഞ്ഞു. കേരളം പൊലീസ് ഭരണത്തിന് കീഴിലാണോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു

അയ്യപ്പഭക്തന്മാര്‍ വരുന്നത് പ്രാര്‍ത്ഥിക്കാനല്ലേ? മലകയറാന്‍ വരുന്നവര്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്? അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. കൂടാതെ, തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദര്‍ശനം.

കേന്ദ്രടൂറിസം മന്ത്രി എന്ന നിലയിലാണ് താന്‍ സന്ദര്‍ശനം നടത്തുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി ശബരിമലയിലേക്ക് പോകുമെന്നും ഭക്തര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തുമെന്നും അറിയിച്ചു. 

നാമജപ പ്രതിഷേധം നടത്തുന്നവരെ ഭീകരവാദികളെപ്പോലെയാണ് പൊലീസ് കണക്കാക്കുന്നത്. ജനാധിപത്യ രാജ്യത്ത് ഇങ്ങനെയല്ല നടക്കേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള കേസില്‍ വിധി വരട്ടെയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ശബരിമല വിഷയം ആളിക്കത്തിക്കാനുള്ള പുതിയ തന്ത്രങ്ങളുടെ ഭാഗമായി ദേശീയനേതാക്കളെയടക്കം ശബരിമലയിലേയ്ക്ക് എത്തിക്കാനുള്ള പദ്ധതി ബിജെപി നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

 

 

Trending News