പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍. ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ശബരിമലയില്‍ നടത്തിയത്.
ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതികള്‍ മല ചവിട്ടിയത്.
പുലര്‍ച്ചെ മൂന്നുമണിക്ക് ഇരുവരും സന്നിധാനത്തെത്തിയെന്നും 3:45ന് പൊലീസിന്‍റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും മാധ്യമങ്ങളോട് പറഞ്ഞു.
പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു.
പൊലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ടു. 3.30ന് സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്ക് പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.
കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ ഡിസംബര്‍ 24നാണ് ഇതിനുമുമ്പ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നിരുന്നു.
അതേസമയം, ഇരുവരും ദർശനം നടത്തിയോ ഇല്ലയോയെന്ന് സ്ഥിരീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു.