തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താനായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ബിജെപി സംസ്ഥാന നേതൃത്വം.
സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ യോഗംചേര്‍ന്ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍, വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.
അതേസമയം, നാളെ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പന്തളം കൊട്ടരം പ്രതിനിധി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ക്ഷണം ലഭിച്ചതായി കൊട്ടാരം പ്രതിനിധി അറിയിച്ചു. തന്ത്രി കുടുംബത്തിലെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന നിലപാട് സര്‍ക്കാരിനെ അറിയിക്കും
വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് ചര്‍ച്ച. സര്‍വകക്ഷി യോഗം ചേരുന്നതിന് മുന്‍പായിരിക്കും പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.
എന്നാല്‍, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് യുഡിഎഫ് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും.