തിരുവനന്തപുരം: 20 വർഷം നീണ്ട ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് (Cherian Philip) തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചെത്തി. കോൺഗ്രസിലേക്ക് (Congress) മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പിനെ ഇന്ദിരാ ഭവനിൽ (Indira Bhavan) നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ (KPCC) കെ.സുധാകരനാണ് അംഗത്വം നൽകി സ്വീകരിച്ചത്. അഞ്ച് രൂപ നൽകിയാണ് സുധാകരനിൽ (K Sudhakaran) നിന്നും ചെറിയാൻ ഫിലിപ്പ് അംഗത്വം സ്വീകരിച്ചത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ധീഖ്, പിടി തോമസ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോൺഗ്രസിലേക്ക് തിരികെയെത്തിയ ചെറിയാനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി കെ സുധാകരൻ പറഞ്ഞു. ചെറിയാനൊരു റോൾ മോഡലാണെന്നും സിപിഎമ്മിലേക്ക് പോകുന്നവർക്ക് പാഠപുസ്തകമാണ് അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു.
ചെറിയ പരിഭവങ്ങളുടെ പേരിൽ മാറി നിൽക്കുന്നവരെ കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും നിരവധി ആളുകൾ ഇനിയും കോൺഗ്രസിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചെറിയാന് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ രക്ഷകർതൃത്വമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പതിറ്റാണ്ടു കാലം വിശ്വസ്തനായി നിന്ന ചെറിയാനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാൻ എങ്ങനെ പിണറായിക്ക് സാധിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ചെറിയാൻ ഫിലിപ്പ് ഉന്നയിക്കുന്നത്. സിപിഎമ്മിൽ മാർക്സിസമില്ലാതായെന്ന് മറുപടി പ്രസംഗത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കോൺഗ്രസുമായി സിപിഎമ്മിന് സഖ്യമുണ്ടാക്കാമെങ്കിൽ കോൺഗ്രസിലേക്ക് തനിക്ക് മടങ്ങി പോകുകയുമാവാം. കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും എന്നാൽ സിപിഎമ്മിന് കാൻസറാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്നാൽ കോൺഗ്രസ് തിരിച്ച് വരുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. കോണ്‍ഗ്രസിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെയുള്ള പ്രഖ്യാപനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...