കേരള-തമിഴ്നാട് അതിർത്തിയായ ഗോവിന്ദാപുരത്ത് അനധികൃത മദ്യവിൽപ്പന ശാല. കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങാനായി മലയാളികളുടെ നീണ്ട നിരയാണ് ഇവിടെ കാണപ്പെടുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തി മദ്യം വാങ്ങി കൊണ്ടുപോകുന്നുണ്ട്.
മിനി ബാറിന് സമാനമായ സൌകര്യങ്ങളോടെയാണ് അനധികൃത മദ്യവിൽപ്പന ശാലയുടെ പ്രവർത്തനം. ഇത്രയേറെ തിരക്ക് അനുഭവപ്പെടാറുള്ള കേന്ദ്രമായിട്ടും പോലീസോ എക്സൈസോ ഇതുവരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുറഞ്ഞ നിരക്കിൽ മദ്യം ലഭിക്കുന്നതിനാൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കേരളത്തിൽ ഏപ്രിൽ 1 മുതൽ മദ്യ വിലയിൽ വർധനവുണ്ടാകാൻ പോകുന്ന സാഹചര്യത്തിൽ വില കുറഞ്ഞ മദ്യം വാങ്ങാൻ ഇവിടേയ്ക്ക് മലയാളികൾ വലിയ രീതിയിൽ എത്തുന്നുണ്ട്.
ALSO READ: സംസ്ഥാനത്ത് വേനൽ മഴ കടുക്കും; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം
അതിർത്തിയിലെ അനധികൃത മദ്യ വിൽപ്പന ശാലയിൽ നിന്ന് ലഭിക്കുന്ന മദ്യത്തിൻറെ നിലവാരം എന്താണെന്ന് പോലും നോക്കാതെയാണ് ആളുകൾ കൂട്ടത്തോടെ എത്തുന്നത്. എന്നാൽ, അതിർത്തിയിൽ നിന്ന് ബില്ലില്ലാതെ കൊണ്ടുവരുന്ന മദ്യം പിടികൂടാനുള്ള പരിശോധന പോലും എക്സൈസിൻറെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയർന്ന് കഴിഞ്ഞു. അനധികൃത മദ്യം വാങ്ങി ആളുകൾ പാലം കടക്കുന്നത് കണ്ട് പോലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്നും പരാതിയുണ്ട്.
എക്സൈസിന് അതിർത്തി കടന്നും മദ്യക്കടത്ത് പിടികൂടാമെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും ബില്ലില്ലാത്ത മദ്യവുമായി കേരളത്തിലേയ്ക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കാനെങ്കിലും തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതിർത്തിയിലെ മലയാളികളായ കർഷകരെ ലക്ഷ്യം വെച്ചാണ് ഇവിടെ ബാർ പ്രവർത്തിക്കുന്നത്. കേരളത്തിൽ മദ്യ ശാലകൾക്ക് അവധിയുള്ള ദിവസം ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, സംസ്ഥാന ബജറ്റിൽ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. 500 രൂപ മുതൽ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിൽ ഒന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിൽ ഒന്നിന് 40 രൂപയുമാണ് സെസ് നൽകേണ്ടി വരിക. മദ്യത്തിന് പുറമെ പെട്രോൾ, ഡീസൽ വിലയിലും ഭൂമിയുടെ ന്യായവിലയിലുമെല്ലാം നാളെ മുതൽ വർധനവുണ്ടാകും. 2022-23 സാമ്പത്തിക വർഷം അവസാനിച്ച് പുതിയ സാമ്പത്തിക വർഷത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിൽ ജീവിത ചെലവുകൾ കൂടുകയാണെന്നാണ് വ്യക്തമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...