Children's Home | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ നിര്‍മാണവും പരിപാലനവും പൊതുമരാമത്ത് വകുപ്പിനാണെങ്കിലും ഹോമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സാമൂഹ്യക്ഷേമ വകുപ്പാണ്

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 02:41 PM IST
  • ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് സാമൂഹ്യ അന്തരീക്ഷത്തില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്
  • ഒരു പോസിറ്റീവ് എനര്‍ജിയിലേക്ക് കുട്ടികളെ എത്തിക്കണമെങ്കില്‍ കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്
  • കുട്ടികള്‍ക്ക് കളിക്കുന്നതിന് കളിസ്ഥലങ്ങളും ഷട്ടില്‍കോര്‍ട്ടും പൂന്തോട്ടമുള്‍പ്പെടെയുള്ളവ വേണം എന്ന ആവശ്യം ഇന്ന് നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്
Children's Home | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിന്റെ അറ്റകുറ്റപ്പണിക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചില്‍ഡ്രന്‍സ് ഹോം പെയിന്റ് ചെയ്യുന്നതിനായി 22 ലക്ഷം അനുവദിച്ചു. കെട്ടിടമുള്‍പ്പെടെയുള്ളവയുടെ നവീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് സാമൂഹ്യ അന്തരീക്ഷത്തില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്. ഒരു പോസിറ്റീവ് എനര്‍ജിയിലേക്ക് കുട്ടികളെ എത്തിക്കണമെങ്കില്‍ കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കുട്ടികള്‍ക്ക് കളിക്കുന്നതിന് കളിസ്ഥലങ്ങളും ഷട്ടില്‍കോര്‍ട്ടും പൂന്തോട്ടമുള്‍പ്പെടെയുള്ളവ വേണം എന്ന ആവശ്യം ഇന്ന് നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്.

ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ നിര്‍മാണവും പരിപാലനവും പൊതുമരാമത്ത് വകുപ്പിനാണെങ്കിലും ഹോമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സാമൂഹ്യക്ഷേമ വകുപ്പാണ്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട മന്ത്രിയുമായി ചര്‍ച്ച നടത്തി നവീകരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ ആറ് പെൺകുട്ടികൾ പുറത്ത് പോയ സംഭവത്തിൽ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇരുവരേയും സ്ഥലംമാറ്റി ഉത്തരവിറങ്ങി.

ജനുവരി 26ന് ആണ് ആറ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞത്. കാണാതായ ആറ് പേരിൽ രണ്ട് പേരെ ബം​ഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറത്ത് നിന്നും കണ്ടെത്തിയിരുന്നു. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് തങ്ങൾ കടന്നുകളയാൻ തീരുമാനിച്ചതെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്.

ഇതേ തുടർന്ന് ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷയെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് വനിത ശിശുവികസന വകുപ്പ് അന്വേഷണം നടത്തി. വനിത ശിശുവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കും എതിരെ നടപടി സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News