ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മലചവിട്ടി മുഖ്യമന്ത്രി ശബരിമലയിലെത്തി

വഴിയിലൊന്നും വിശ്രമിക്കാതെയാണ് പമ്പയില്‍ നിന്നും കാല്‍നടയായി മുഖ്യമന്ത്രി മലചവിട്ടിയത്. 

Last Updated : Oct 17, 2017, 09:29 AM IST
 ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മലചവിട്ടി മുഖ്യമന്ത്രി ശബരിമലയിലെത്തി

ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി. തീര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ രാത്രിയിലാണ് മുഖ്യമന്ത്രി ശബരിമല സന്നിധാനത്തെത്തിയത്. വഴിയിലൊന്നും വിശ്രമിക്കാതെയാണ് പമ്പയില്‍ നിന്നും കാല്‍നടയായി മുഖ്യമന്ത്രി മലചവിട്ടിയത്. 

തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സന്നിധാനത്തും പമ്പയിലും നടക്കുന്ന വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനുമാണ് മുഖ്യമന്ത്രി ശബരിമലയിലെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പമ്പയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ്ഹൗസില്‍ വിശ്രമിച്ച ശേഷം 8.50ന് സന്നിധാനത്തേക്ക് യാത്രതിരിച്ചു. രാത്രി 10.30ന് സന്നിധാനത്ത് എത്തി. നല്ല മഴയുണ്ടായിരുന്നു എങ്കിലും തൊപ്പി ധരിച്ച് മഴയെ കൂസാതെയായിരുന്നു മുഖ്യമന്ത്രിയുടെ നടത്തം.  ചരല്‍മേട്ടില്‍ മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ വനം വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അവിടെ വിശ്രമിക്കാതെ മുഖ്യമന്ത്രി നടത്തം തുടര്‍ന്നു.  യാത്ര വളരെ സന്തോഷം പകര്‍ന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യം ആശങ്ക ഉണ്ടായിരുന്നുവെങ്കിലും നടന്നു തുടങ്ങിയപ്പോള്‍ അതെല്ലാം മാറി. ശബരിമലയുടെ വികസനത്തിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ മുമ്പേ സന്നിധാനത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവരും ഉണ്ടായിരുന്നു.ഇന്ന് അദ്ദേഹം പുണ്യദര്‍ശനം കോംപ്ലെക്‌സിന് തറക്കല്ലിടും. 11 നാണ് അവലോകന യോഗം. വൈകീട്ട് 4.30 ന് പമ്പ സ്‌നാനഘട്ട നവീകരണം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി ആറുമണിക്ക് ശബരിമലയില്‍ നിന്നും മടങ്ങും.

Trending News