കോട്ടയം: കോട്ടയം ഡിസിസിയിൽ ഫെയ്സ്ബുക്ക് വിവാദം. തരൂരിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് കോട്ടയം ഡിസിസിയുടെ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഈ പോസ്റ്റിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് തരൂർ അനുകൂലികൾ.
വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വ്യക്തമാക്കുന്നത്. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും സുരേഷ് പറഞ്ഞു. എന്നാൽ, പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ വരെ നാട്ടകം സുരേഷിന്റേതാണെന്നാണ് തരൂർ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പാർട്ടിക്ക് എതിരായി പ്രവർത്തിച്ചിട്ടില്ലെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കരുതുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. ഡിസിസി അധ്യക്ഷനെ ഓഫീസിൽ നിന്ന് വിളിച്ച് കോട്ടയത്തെ പരിപാടി ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. തന്നെ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണെന്നും വിവാദങ്ങൾക്ക് മറുപടിയായി തരൂർ പറഞ്ഞു.
കോട്ടയത്തെ മഹാസമ്മേളനത്തിൽ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്. വിവാദം എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കാത്തത് കൊണ്ടാണ് പരിപാടിയിൽ നിന്നും വിട്ടു നിൽക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...