കെപിസിസി യോഗത്തിന് വി.എം. സുധീരനും കെ. മുരളീധരനും ക്ഷണമില്ല

  

Updated: Jun 28, 2018, 10:57 AM IST
കെപിസിസി യോഗത്തിന് വി.എം. സുധീരനും കെ. മുരളീധരനും ക്ഷണമില്ല

തിരുവനന്തപുരം: വി.എം സുധീരനും കെ.മുരളീധരനും അടക്കം മുന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്ന് ചേരുന്ന കെപിസിസി നേതൃയോഗത്തിലേക്ക് ക്ഷണമില്ല. യോഗത്തില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല.

സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. 

അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ് ചേരുന്നതെന്നും കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമെ ഡി.സി.സി പ്രസിഡന്റുമാരേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളേയും മാത്രമാണ് വിളിച്ചിട്ടുള്ളതെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ അഗവണിച്ച് അപ്രസക്തമാക്കാനും പരിപാടികളില്‍ നിന്ന് ഒഴിവാക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിന്‍റെ അജണ്ട. കോണ്‍ഗ്രസിന് യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്ന ജില്ലകളില്‍ ഡി.സി.സി പ്രസിഡന്റുമാര്‍ തന്നെ ചെയര്‍മാന്‍ ആകണമെന്ന് നിര്‍ദേശവും ചര്‍ച്ചചെയ്യും.