LIVE: ചരിത്ര വിജയവുമായി ചെങ്ങന്നൂര്‍ ചെങ്കൊടിയേന്തി

കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം അറിയാം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകൾ വരും. 

Last Updated : May 31, 2018, 12:43 PM IST
Live Blog

ചെങ്ങന്നൂർ: കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം അറിയാം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകൾ വരും. 

അതേസമയം പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തപാൽ സമരം കാരണം ആകെ 12 വോട്ടുകൾ മാത്രമേ കൗണ്ടിം​ഗ് സ്റ്റേഷനിൽ എത്തിയിട്ടുള്ളൂ. 799 വോട്ടുകൾ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്.

പോളിങ്ങിനു ശേഷവും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ചെങ്ങന്നൂരിലെ യുഡിഎഫും എല്‍ഡിഎഫും. കുറഞ്ഞത് അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലുളള വിജയമാണ് ഇടതുവലതു മുന്നണികള്‍ അവകാശപ്പെടുന്നത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കണക്കു പുസ്തകങ്ങളില്‍ മൂന്നാം സ്ഥാനമാണ് ബിജെപിക്ക്. എങ്കിലും ബിജെപി ക്യാംപ് പ്രതീക്ഷ കൈവിട്ടിട്ടില്ല.

മുളക്കുഴ, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളിലാണ് ഇടതുമുന്നണി ലീഡ് പ്രതീക്ഷിക്കുന്നത്. പുലിയൂരും തിരുവന്‍വണ്ടൂരും പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും യുഡിഎഫിന് ലീഡ് കിട്ടായാലും അതിനെ മറികടക്കാന്‍ മറ്റ് അഞ്ചു പഞ്ചായത്തുകളിലെ വോട്ടിന് കഴിയുമെന്ന് സിപിഐഎം കണക്കുകൂട്ടുന്നു. ശ്രീധരന്‍പിളളയുടെ ജന്‍മനാടായ വെണ്‍മണിയില്‍ ബിജെപിയുമായി ഒപ്പത്തിനൊപ്പമുളള ഫിനിഷിങ്ങാണ് ഇടതുമുന്നണിയുടെ മനസില്‍.

ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ സ്വന്തം പഞ്ചായത്തായ മുളക്കുഴയില്‍ പിന്നില്‍ പോകുമെന്നുറപ്പിക്കുന്നു യുഡിഎഫ്. ചെറിയനാട്ടിലും ബുധനൂരിലും ഇടതുമുന്നണി മുന്നിലായാലും ഭൂരിപക്ഷം നേര്‍ത്തതാകുമെന്നാണ് കണക്കുകൂട്ടല്‍. മറ്റിടങ്ങളിലെ ലീഡ് കൊണ്ട് ഇത് മറികടക്കാമെന്നും കുറഞ്ഞത് അയ്യായിരം വോട്ടിന് ജയിച്ചു കയറാമെന്നുമുളള പ്രതീക്ഷയാണ് ഐക്യമുന്നണിക്കുളളത്.

ഇടതുവലതു ധാരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായെന്ന് പോളിങ്ങിനുേശഷം സ്ഥാനാര്‍ഥി തന്നെ ആരോപണമുന്നയിച്ചെങ്കിലും ചെങ്ങന്നൂരിലെ ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. തിരുവന്‍വണ്ടൂര്‍, പുലിയൂര്‍, വെണ്‍മണി, ചെറിയനാട് എന്നിവിടങ്ങളില്‍ വ്യക്തമായ മേധാവിത്വവും മറ്റിടങ്ങളില്‍ നിസാര വ്യത്യാസത്തിലെ രണ്ടാം സ്ഥാനവുമാണ് ബിജെപിയുടെ പ്രതീക്ഷ. 

31 May, 2018

  • 12:30 PM

    20956 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ഉജ്ജ്വലവിജയം കൈവരിച്ചു.

  • 12:15 PM

    ചെങ്ങന്നൂര്‍ ചെങ്കൊടിയേന്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ 18705 വോട്ടുകള്‍ക്ക് വിജയിച്ചു.

     

  • 12:00 PM

    ജയമുറപ്പിച്ച് സജി ചെറിയാന്‍.  16323 വോട്ടുകള്‍ക്ക് മുന്നേറുന്നു. എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫിന് ലീഡ്. വോട്ടെണ്ണല്‍ അവസാന റൗണ്ടില്‍.

  • 11:45 AM

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ 14929 വോട്ടുകള്‍ക്ക് മുന്നേറുന്നു.

  • 11:30 AM

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ 13056 വോട്ടുകള്‍ക്ക് മുന്നേറുന്നു. എല്‍ഡിഎഫ് റെക്കോര്‍ഡ്‌ വിജയത്തിലേയ്ക്ക്.

     

  • 11:15 AM

    ജയമുറപ്പിച്ച് സജി ചെറിയാൻ. എല്‍ഡിഎഫ്- 39275 വോട്ടും, യുഡിഎഫ് 29144 വോട്ടും, ബിജെപി 20661 ആണ് വോട്ടുകള്‍. വോട്ടെണ്ണല്‍ പത്താം റൗണ്ടിലേയ്ക്ക് കടന്നു. 

     

  • 11:00 AM

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ റെക്കോര്‍ഡ്‌ വിജയത്തിലേയ്ക്ക്. ലീഡ് പതിനായിരം കടന്നു.  11721 വോട്ടിനാണ് മുന്നേറുന്നത്.

     

  • 11:00 AM

    യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന് ലീഡ്. ചെങ്ങന്നൂരില്‍ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മുന്നേറുന്നു. 9558 വോട്ടിനാണ് മുന്നേറുന്നത്.

     

  • 10:30 AM

    ചെങ്ങന്നൂരില്‍ ഇടത് തരംഗം. സജി ചെറിയാന്‍ മുന്നേറുന്നു. യുഡിഎഫ് രണ്ടാം സ്ഥാനത്ത്. വോട്ടെണ്ണല്‍ ഏഴാം റൗണ്ടില്‍.   

  • 10:15 AM

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ 6334 വോട്ടുകള്‍ക്ക് മുന്നേറുന്നു. വോട്ടെണ്ണല്‍ ആറാം റൗണ്ടില്‍.   

  • 10:00 AM

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ 4338 വോട്ടുകള്‍ക്ക് മുന്നേറുന്നു. വോട്ടെണ്ണല്‍ നാലാം റൗണ്ടില്‍.   

     

  • 09:45 AM

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ 3838 വോട്ടുകള്‍ക്ക് മുന്നേറുന്നു  

     

  • 09:30 AM

    ശക്തികേന്ദ്രങ്ങളില്‍ കാലിടറി കോണ്‍ഗ്രസ്‌.  മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിന് മുന്നേറ്റം. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി സജി ചെറിയാന്‍.

  • 09:15 AM

    മാന്നാര്‍ പഞ്ചായത്തില്‍ 2186 വോട്ടുകള്‍ക്ക് മുന്നിലാണ് സജി ചെറിയാൻ. ആദ്യം വോട്ടെണ്ണിയ മാന്നാറിൽ കഴിഞ്ഞ തവണത്തേതുപോലെ ലീഡ് നിലനിർത്താൻ എൽഡിഎഫിനു കഴിഞ്ഞു.  മാന്നാര്‍ പഞ്ചായത്തില്‍ 23 ബൂത്തുകളാണ് ഉള്ളത്. യുഡിഎഫ് രണ്ടാമതും ബിജെപി മൂന്നാം സ്ഥാനത്തുമായി തുടരുന്നു.

  • 09:00 AM

    മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫ് മുന്നേറുന്നു. യുഡിഎഫ് രണ്ടാമത്. രണ്ടാം റൗണ്ട് എണ്ണുന്നു.

  • 08:45 AM

    ആദ്യ റൗണ്ട് പൂര്‍ത്തിയായി. മന്നാറിലെ 14 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി. ആദ്യ ലീഡ് എല്‍ഡിഎഫിന്. 1591 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സജി ചെറിയാന്‍ മുന്നില്‍. 

  • 08:45 AM

    144 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നില്‍. പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചിരിക്കുന്നത്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 23 ബൂത്തുകളാണ് ഇവിടെ ഉള്ളത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകും. മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.

  • 08:30 AM

    ആദ്യ ലീഡ് എല്‍ഡിഎഫിന്. 154 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നില്‍.

  • 08:30 AM

    വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞത്. തപാല്‍ സമരം കാരണം ആകെ 40 വോട്ടുകള്‍ മാത്രമേ കൗണ്ടിം​ഗ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളൂ. 799 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. 

     

  • 08:15 AM

    വോട്ടെണ്ണല്‍ ആരംഭിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യഫല സൂചനകള്‍ ഏട്ടരയോടെ അറിയാന്‍ സാധിക്കും. പതിനാല് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്‍റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

  • 08:00 AM

    പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30-ന് മുന്‍പ് ഇത് എണ്ണി തീരും. നിശ്ചിത സമയത്തിനുള്ളില്‍ പോസ്റ്റല്‍ വോട്ട് എണ്ണി തീര്‍ന്നില്ലെങ്കില്‍ അത് മാറ്റിവയ്ക്കും. 8.30-നുതന്നെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. അവസാന യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും മുന്‍പ് മിച്ചമുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ക്കും.

Trending News