ശബരിമല സ്ത്രീപ്രവേശനം: ഉന്നതതല യോഗം ഇന്ന്; നിലപാട് കടുപ്പിച്ച് മുഖ്യന്‍

ശാന്ത സ്വാഭാവമുള്ള ഒരന്തരീക്ഷമാണ് ശബരിമലയിലേത്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. ശബരിമല എല്ലാ പവിത്രതയോടും കൂടി നിലനില്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.  

Last Updated : Oct 24, 2018, 07:47 AM IST
ശബരിമല സ്ത്രീപ്രവേശനം: ഉന്നതതല യോഗം ഇന്ന്; നിലപാട് കടുപ്പിച്ച് മുഖ്യന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. രാവിലെ പതിനൊന്നുമണിക്കാണ് യോഗം. പ്രതിഷേധക്കാർക്കെതിരായ കേസുകളിലെ തുടർ നടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. 

ഡിജിപി ലോക് നാഥ് ബഹ്‌റ, എഡിജിപി അനില്‍കാന്ത്, ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട എസ്പിമാരും യോഗത്തില്‍ പങ്കെടുക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തും മാത്രമല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികളില്‍ സ്വീകരിക്കേണ്ട തീരുമാനങ്ങളും ഇന്നത്തെ യോഗത്തിലുണ്ടാകും.

അതേസമയം, ദർശനത്തിന് സംരക്ഷണം തേടി അഭിഭാഷകരടക്കം നാല് സ്ത്രീകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടു ഹർജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സന്ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്, അഭിഭാഷകരായ എ.കെ.മായ, എസ്. രേഖ എന്നിവരും ജലജ മോൾ, ജയമോൾ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. 

10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരെയടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.

കോൺഗ്രസ്‌, ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വവും സർക്കാരുമാണ് എതിർ കക്ഷികൾ. ശബരിമലയിലെ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി ഇന്ന് പരിഗണിക്കും. രഹ്ന ഫാത്തിമയ്ക്ക് സംരക്ഷണം ഒരുക്കിയതിൽ ഗൂഡാലോചനയുണ്ടെന്നും ഐജിമാരായ മനോജ് എബ്രാഹാമിനും ശ്രീജിത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

അതേസമയം, ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സാധാരണനിലയ്ക്ക് വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അവകാശമുണ്ട്. ആ അവകാശം നിലനില്‍ക്കണം. അതിനുള്ള സംരക്ഷണം സര്‍ക്കാര്‍ നല്‍കും. 

ശാന്ത സ്വാഭാവമുള്ള ഒരന്തരീക്ഷമാണ് ശബരിമലയിലേത്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. ശബരിമല എല്ലാ പവിത്രതയോടും കൂടി നിലനില്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടും വിട്ടുവീഴ്ചയ്ക്കില്ലെന്നും പിണറായി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്‍റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ പ്രായം പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും പിണറായി പറഞ്ഞു.

തന്ത്രിയുടെ സ്വത്തല്ല ശബരിമല. താഴമണ്‍ കുടുംബത്തിനും അവകാശപ്പെട്ടതല്ല. ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാം. അതു മനസിലാക്കിയാല്‍ തന്ത്രിക്ക് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ നിയമപരമായ ഏക അവകാശി ദേവസ്വം ബോര്‍ഡാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തെറ്റിദ്ധരിപ്പിക്കപ്പെട്ട ചിലരുടെ കോപ്രായങ്ങള്‍ക്ക് നിന്നു കൊടുത്താല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന് ബോര്‍ഡിനും മുന്നറിയിപ്പ് നല്‍കി.

Trending News