അവധി ദിനത്തിലും തിരക്കൊഴിഞ്ഞ് ശബരിമല

അവധി ദിനമായിരുന്ന ഇന്നലെയും ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ്. അതേ അവസ്ഥതന്നെയാണ് ഇന്ന് രാവിലെയും ശബരിമലയില്‍ കാണുവാന്‍ കഴിയുന്നത്‌. 

Last Updated : Dec 2, 2018, 11:18 AM IST
അവധി ദിനത്തിലും തിരക്കൊഴിഞ്ഞ് ശബരിമല

ശബരിമല: അവധി ദിനമായിരുന്ന ഇന്നലെയും ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ്. അതേ അവസ്ഥതന്നെയാണ് ഇന്ന് രാവിലെയും ശബരിമലയില്‍ കാണുവാന്‍ കഴിയുന്നത്‌. 

സാധാരണ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മലയാളികളടക്കം ധാരാളം തീര്‍ഥാടകര്‍ ശബരിമല ദര്‍ശനത്തിന് എത്താറുണ്ടെങ്കിലും ഇക്കുറി അത് കാണാനായില്ല. കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇന്ന് ശബരിമലയിലെത്തിയവരില്‍ ഏറെയും. 

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളാണ് ഭക്തരെ ഇക്കുറി ശബരിമലയില്‍നിന്നും അകറ്റിനിര്‍ത്തുന്നത്.

ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി നിലയ്ക്കലിലും പമ്പയിലും പൊലീസിന്‍റെ കര്‍ശന നിരീക്ഷണം തുടരുകയാണ്. ബിജെപി നയിക്കുന്ന വഴി തടയല്‍ സമരം നേരിടുന്നതിന്‍റെ ഭാഗമായി വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം, ഭക്തരുടെ വരവ് കുറഞ്ഞുതോടെ ശബരിമലയിലെയും അനുബന്ധ പ്രദേശങ്ങളിലേയും കച്ചവടക്കാരും  പ്രതിസന്ധിയിലാണ്. 

ശബരിമലയിൽ ഭക്തരുടെ വരവ് കുറഞ്ഞത് സ്റ്റീൽ പാത്ര കച്ചവടക്കാരെയും ബാധിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ പാത്രങ്ങളാണ് മണ്ഡലകാലത്തോട് അനുബന്ധിച്ച് സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്. അയ്യപ്പഭക്തർ കൂടുതലായി എത്തിയില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടമാവും നേരിടേണ്ടിവരുക. 30 ലക്ഷത്തോളം ലേല തുക നൽകിയാണ് പലരും കടകൾ എടുത്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപ കച്ചവടം നടന്നിരുന്ന കടകളിൽ അതിന്‍റെ പകുതി പോലും ഇപ്പോൾ നടക്കുന്നില്ല. ഭക്തരുടെ വരവ് കുറഞ്ഞതിനാൽ പലരും കടകൾ അടച്ച് മടങ്ങിയിരിക്കുകയാണ്. 

 

 

Trending News