മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

Last Updated : Aug 5, 2018, 10:33 AM IST
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ എത്തുന്ന രാഷ്ട്രപതി നാളെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

പ്രത്യേക വിമാനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന രാഷ്ട്രപതി, രാത്രി രാജ്ഭവനില്‍ തങ്ങും. നാളെ രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈകുന്നേരം തങ്ങിയശേഷം ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും ബോള്‍ഗാട്ടി പാലസില്‍ കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന്, രാവിലെ 10.10ന് ഹെലികോപ്റ്റര്‍ മുഖേനെ തൃശൂരിലേക്ക് തിരിക്കും. രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളേജിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ വാഹന നിയന്ത്രണം ഉള്‍പ്പെടെയുള്ള അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ട്രയൽ റൺ ഉൾപ്പെടെയുള്ളവ പരീക്ഷിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് പൊലീസ് വാഹന പരിശോധന കർശനമാക്കി. സിസിടിവി വഴിയുള്ള പ്രത്യേക നിരീക്ഷണം ശക്തമാക്കുന്നതിന് പുറമേ പ്രധാന കേന്ദ്രങ്ങളില്‍ മഫ്തിയിൽ പൊലീസിനെയും വിന്യസിച്ചു.

Trending News