ഇന്ന് അര്‍ധരാത്രി മുതല്‍ ശബരിമലയില്‍ നിരോധനാ‌ജ്ഞ

പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് പൊലീസ് നല്‍കിയിരിക്കുന്നത്.   

Last Updated : Nov 3, 2018, 09:39 AM IST
ഇന്ന് അര്‍ധരാത്രി മുതല്‍ ശബരിമലയില്‍ നിരോധനാ‌ജ്ഞ

പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നതിന് മുന്നോടിയായി നിലക്കൽ, പമ്പ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് അർദ്ധ രാത്രി മുതൽ ആറിന് രാത്രിവരെ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. നട തുറക്കുന്ന അഞ്ചിന് ഉച്ചയ്ക്ക് ശേഷം മാത്രമേ ഭക്തർക്ക് സന്നിധാനത്തേക്കും പമ്പയിലേക്കും പ്രവേശനം അനുവദിക്കൂ.

 

 

പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് പൊലീസ് നല്‍കിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള എല്ലാ വഴികളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാവിലെ മാത്രമേ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. ഇന്ന് രാവിലെ മുതൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ പൊലീസ് കാവലും ഉണ്ടാകും. ദക്ഷിണ മേഖല എഡിജിപി അനിൽ കാന്തിനാണ് സുരക്ഷാ ചുമതലയുടെ നേതൃത്വം.

സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് എന്ത് സംഭവിക്കാമെന്ന സാഹചര്യം നിലവിലുള്ളിതിനാലാണ് ഇത്. അതിനിടെ തകര്‍ത്ത് പെയ്യുന്ന തുലാമഴ പൊലീസിന് കാര്യങ്ങള്‍ വെല്ലുവിളിയാക്കിയിട്ടുണ്ട്. ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. ഇത് കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 

ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് പൊലീസ് തീരുമാനം. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അവര്‍ക്കു സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമാകുകയാണ്. ശബരിമലയിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദ്ദേശത്തിനൊപ്പം പരിശോധന ശക്തിപ്പെടുത്തും. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സേന തയ്യാറാണ്‌. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും ഡിജിപി സൂചനകള്‍ നല്‍കുന്നു. ഫലത്തില്‍ പത്തനംതിട്ടയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് കാര്യങ്ങള്‍.

ചിത്തിര ആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്കായാണ് ശബരിമലനട ഈ മാസം അഞ്ചിനു തുറക്കുന്നത്. അന്ന് പ്രത്യേകപൂജകള്‍ ഒന്നുമില്ല. ആറിന് സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. രാത്രി 10ന് നട അടയ്ക്കും. ആറിനാണ് അട്ടചിത്തിര. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് ഉള്‍പ്പടെ മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ച മുതല്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. രണ്ട് ഐജിമാര്‍, അഞ്ച് എസ്പിമാര്‍, 10 ഡിവൈഎസ്പിമാര്‍ അടക്കം 1,200 പൊലീസുകാരെയാണ് വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

സന്നിധാനത്ത് ലോക്കല്‍ പൊലീസിനെക്കൂടാതെ സായുധസേനാ വിഭാഗത്തില്‍നിന്നുള്ള രണ്ട് കമ്പനിയെ നിയോഗിക്കും. മരക്കൂട്ടത്ത് സായുധ സേനാവിഭാഗത്തില്‍ നിന്ന് ഒരു കമ്പനി പൊലീസ് സുരക്ഷയ്ക്കുണ്ട്. പമ്പയില്‍ രണ്ട് കമ്പനി സായുധ സേനാവിഭാഗത്തെ കൂടാതെ വനിതാ ബറ്റാലിയന്‍റെ ഒരു കമ്പനിയെയും വിന്യസിക്കും. നിലയ്ക്കലില്‍ വനിതാ ബറ്റാലിയന്‍റെ ഒരു കമ്പനി ഉള്‍പ്പെടെ മൂന്ന് കമ്പനി സായുധ സേനാവിഭാഗത്തെ വിന്യസിക്കും.

Trending News