മണ്ഡലകാലത്തിന് പരിസമാപ്തി; മകരവിളക്കിനായി 30ന് തുറക്കും

നെയ്യഭിഷേകം പൂർത്തിയാക്കി ശ്രീകോവിലും സന്നിധാനവും കഴുകിവൃത്തിയാക്കിയ ശേഷമാണ് പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.  

Last Updated : Dec 28, 2018, 09:27 AM IST
മണ്ഡലകാലത്തിന് പരിസമാപ്തി; മകരവിളക്കിനായി 30ന് തുറക്കും

ശബരിമല: വ്രതശുദ്ധിയുടെ നിറവിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്നലെ പരിസമാപ്തി കുറിച്ചു. മകരവിളക്ക് ഉത്സവത്തിന് ഇനി 30-ന് വൈകീട്ട് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ആഘോഷപൂർവം കൊണ്ടുവന്ന തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഇന്നലെ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടന്നു.

നെയ്യഭിഷേകം പൂർത്തിയാക്കി ശ്രീകോവിലും സന്നിധാനവും കഴുകിവൃത്തിയാക്കിയ ശേഷമാണ് പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. അതിനുമുന്നേ കളഭാഭിഷേകമുണ്ടായിരുന്നു. 

മണ്ഡലപൂജ തൊഴാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്‌മകുമാർ, ബോർഡ് അംഗങ്ങൾ, മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ എത്തിയിരുന്നു.

ഉച്ചയ്ക്ക് ഒരുമണിക്ക് നടയടച്ചു. വൈകീട്ട് അഞ്ചിന് നട തുറന്നു. തങ്കയങ്കി ചാർത്തിയ അയ്യപ്പനെ തൊഴാൻ നിരവധി തീർഥാടകരുണ്ടായിരുന്നു. രാത്രി അത്താഴപൂജയ്ക്ക് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. 9.50-ന് ഹരിവരാസനം പാടി പത്തിന് നടയടച്ചു.

Trending News