ക്രിസ്മസ് ആഘോഷിങ്ങൾക്കിടെ കടലിൽ കാണാതായ മൂന്ന് പേർക്കായുള്ള തിരച്ചിൽ പുലർച്ചയോടെ പുനരാരംഭിച്ചു. അഞ്ചുതെങ്ങ് കടലിലും പുത്തന്‍തോ കടലിലും ഉണ്ടായ അപകടങ്ങളിലാണ് മൂന്ന് പേരെ കാണാതായത്. ഇന്നലെ മുതൽ നടത്തിയ തിരച്ചിലിൽ കാണാതായവരെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിലാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.
മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നുണ്ട്. ക്രിസ്തുമസ് ദിനമായ ഇന്നലെ, ഡിസംബർ 25 നായിരുന്നു അപകടം ഉണ്ടായത്. മത്സ്യ തൊഴിലാളികൾ പറയുന്നത് അനുസരിച്ച് വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (37 വയസ്), തിരുവനന്തപുരം പുത്തൻ തോപ്പ് സ്വദേശി ശ്രേയസ് (16 വയസ്), കണിയാപുരം സ്വദേശി സാജിദ് (19 വയസ്) എന്നിവരെയാണ് കാണാതായത്.
ALSO READ: കടൽത്തീരത്ത് ക്രിസ്മസ് ആഘോഷം; മൂന്നുപേരെ കാണാതായി, ഒരാൾ മരിച്ചു
ഇന്നലെ കോസ്റ്റൽ പോലീസും മല്‍സ്യത്തൊഴിലാളികളും ചേർന്ന് മൂവർക്കും വേണ്ടി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മൂന്ന് പേരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കേടുപാടുകളെ തുടർന്ന് കൊല്ലത്ത് അറ്റകുറ്റപ്പണികൾക്കായ് നൽകിയ കോസ്റ്റൽ പോലീസിന്റെ റെസ്ക്യൂ ബോട്ട് ഇന്ധനത്തിന് പണമില്ലാത്തതിനെ തുടർന്ന് മൂന്നു മാസത്തിലേറെയായി അഞ്ചുതെങ്ങിൽ തിരിച്ചെത്തിക്കുവാൻ സാധിച്ചിട്ടില്ല. ഇത് കോസ്റ്റൽ പോലീസിന്റെ തെരച്ചിൽ ദൗത്യങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
ഇന്നലെ തുമ്പയിലുണ്ടായ സമാന അപകടത്തിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടിരുന്നു. തുമ്പ ആറാട്ട്വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത് 38 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും അപകടം സംഭവിച്ചിരുന്നു. കടലില്‍ ഇറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...