തിരുവനന്തപുരം: നടുറോഡിൽ വിദ്യാർഥിക്ക് മർദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വൺ വിദ്യാർഥി ജെ. ഡാനിയേലിനാണ് മർദ്ദനമേറ്റത്. ഇരുപതോളം വിദ്യാർഥികൾ ചേർന്നാണ് മർദിച്ചത്. നഗരത്തിലെ സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് മർദനത്തിലേക്കെത്തിയത്. സംഭവത്തിൽ ഡാനിയേലിൻ്റെ കുടുംബം പോലീസിൽ പരാതി നൽകി. ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിയെ ഇരുപതോളം പേർ ചേർന്ന് മർദിക്കുകയായിരുന്നു. സഹപാഠികളിലൊരാളാണ് മർദനത്തിന് നേതൃത്വം നൽകിയതെന്നാണ് ഡാനിയേലിന്റെ മൊഴി. സഹപാഠികളും പൂർവ്വ വിദ്യാർഥികളും പുറത്ത് നിന്നുള്ള ചില വിദ്യാർഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഡാനിയേലും സുഹൃത്തും ബസ് കാത്ത് നിൽക്കുമ്പോൾ ഇവർ മർദിക്കുകയായിരുന്നു. ഡാനിയേലിന്റെ സുഹൃത്തുമായി ഈ വിദ്യാർഥികളിൽ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഡാനിയേലിനേയും ഇവർ മർദ്ദിച്ചത്. ഡാനിയേൽ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലയ്ക്കും കൈക്കുമുൾപ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവം നടന്നത് പേരൂർക്കട സ്റ്റേഷൻ പരിധിയിലാണെന്നാണ് മെഡിക്കൽ കോളേജ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ കേസ് പേരൂർക്കട സ്റ്റേഷനിലേക്ക് കൈമാറാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...